കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് കലാജാഥയ്ക്കും വികസന വീഡിയോ പ്രചരണത്തിനും ശനിയാഴ്ച എരഞ്ഞോളിയിൽ ആവേശോജ്വല സമാപനം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷയും നാട്ടുകാരും നാടൻപാട്ടുകാർക്കൊപ്പം ചുവടുവെച്ചത് ആവേശമായി. നേരത്തെ പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി വിജു സംസാരിച്ചു.ആദ്യ സ്വീകരണ കേന്ദ്രമായ ചൊക്ലിയിൽ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എം ഒ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി എം റീത്ത, നവാസ് പരത്തീന്റവിട, എൻ പി സജിത, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. പിണറായിയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി വി വേണുഗോപാൽ, കെ ഹംസ, പി പ്രമീള തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമ്യ നിടുവാലൂരാണ് നാടൻപാട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കരിവെള്ളൂർ, പയ്യന്നൂർ, പിലാത്തറ, പഴയങ്ങാടി, പാപ്പിനിശ്ശേരി, ബക്കളം, തളിപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.