പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. ഉടൻ അര്‍ഹരായ ജീവനക്കാര്‍ക്ക് ഓണറേറിയം തുക മാറി നല്‍കുന്നതിനുളള നിര്‍ദ്ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകര്‍ത്തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ 2861 അദ്ധ്യാപകര്‍ക്കും 1970 ആയമാര്‍ക്കുമാണ് ഓണറേറിയം ലഭിക്കുക.
നിലവില്‍ ജീവനക്കാരുടെ സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ക്ക് യഥാക്രമം 12,500/-, 12,000/- രൂപയും, ആയമാര്‍ക്ക് 7,500/-, 7,000/- രൂപ നിരക്കില്‍ പ്രതിമാസ ഓണറേറിയം നൽകുന്നുണ്ട്.
അടിയന്തിര പ്രാധാന്യത്തോടെ ഫണ്ട് അനുവദിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.