ഖരമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനുമായി ആരംഭിച്ച ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലാതല പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വ്വഹിച്ചു. പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കിവരുന്ന വാതില്‍പ്പടി സേവനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും വിവരശേഖരണം നടപ്പിലാക്കുന്നതിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകരമാവുമെന്നും വിവിധ പരിശീലന പരിപാടികളിലൂടെ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ ഹരിതമിത്രം ആപ്ലിക്കേഷന്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ക്കായി നല്‍കിയ പരിശീലന പരിപാടിയില്‍ മാലിന്യസംസ്‌കരണം നയവും സമീപനവും എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഡോ. ലതിക, മാലിന്യസംസ്‌കരണം കേരളത്തിലെ അവസ്ഥ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഹരീഷ്, ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് രീതിശാസ്ത്രവും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ടി.വി സുധീഷ്, ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് വിവിധ വിഭാഗങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ് എന്നിവര്‍ സംസാരിച്ചു.