ഫോമാ ജനറല്‍ ബോഡി; റ്റാമ്പായില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – സലിം.അയിഷ (ഫോമാ.പി.ആര്‍.ഓ )

Spread the love

2022 ഏപ്രില്‍ മുപ്പതിന് റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. സെഫ്‌നറിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഫോമയുടെ എണ്‍പതോളം വരുന്ന കാനഡയിലും അമേരിക്കയുമായുള്ള അംഗസംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന പ്രതിനിധികളുടെ വിവരങ്ങള്‍, നാളിതു വരെയുള്ള സംഘടനയുടെ പ്രവര്‍ത്തന-വികസന രേഖ എന്നിവയും തയ്യാറാക്കിയതായി ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

പ്രതിനിധികള്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. ഫ്‌ളോറിഡയിലുള്ള ഫോമയുടെ അംഗസംഘടന പ്രതിനിധികളാണ് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫോമായുടെ ബൈലോ കാലാനുസൃതമായ മാറ്റങ്ങളോടെയോ കൂടി പരിഷ്‌കരിച്ചിട്ടുണ്ട് , പുതുക്കിയ ബൈലോ ജനറല്‍ ബോഡിയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണ്. മെമ്പര്‍ അസ്സോസിയേഷനുകള്‍ക്ക് ഡെലിഗേറ്റ് ലിസ്റ്റ് അയക്കാനുള്ള അവസാന തീയതി ഏപ്രില്‍ 17 ആണ് , ഡെലിഗേറ്റ് ലിസ്റ്റ് സമര്‍പ്പിക്കാനുള്ള ഫോം ഫോമായുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. അമേരിക്കയിലെമ്പാടുമുള്ള അസോസിയേഷന്‍ ലീഡേഴ്‌സിനും , മറ്റ് ഭാരവാഹികള്‍ക്കും പരിചയപ്പെടുന്നതിനും , പരിചയം പുതുക്കുന്നതിനുമുള്ള വേദിയാണ് ദേശീയ സംഘടനകളുടെ പൊതുയോഗങ്ങള്‍.

2022 സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ മെക്‌സിക്കോയിലെ കന്‍കൂണിലെ മൂണ്‍പാലസില്‍ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി നടക്കുന്ന പൊതുയോഗം വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.. പൊതുയോഗത്തില്‍ ഫോമായുടെ ബെലോ പുതുക്കലും , കംപ്ലൈന്‍സ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. കംപ്ലൈന്‍സ് കമ്മിറ്റിയിലേക്കുള്ള നോമിനേഷന്‍സ് ജനറല്‍ ബോഡിയില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഇടക്കാല ഫോമാ വനിതാ ഫോറം സഞ്ജയിനിയുടെ ധന ശേഖരണാര്‍ത്ഥം നടത്തിയ വേഷവിധാന മത്സരത്തിന്റെ വിജയികള്‍ക്കുള്ള കിരീടധാരണവും പൊതുയോഗ വേദിയില്‍ നടക്കും. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടാകും.

പൊതുയോഗത്തിലും തുടര്‍ന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *