ടെക്സസ്സില്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയത് ഡാളസില്‍

Spread the love

ഡാളസ് : ടെക്സസ് സംസ്ഥാനത്ത് 2022 ല്‍ ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് ഡാളസില്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു അധികൃതര്‍. ഡാളസ് കൗണ്ടിയിലെ താമസക്കാരനായ ഒരാള്‍ക്കാണ് വൈറസ് കണ്ടെത്തിയതെന്ന് ഹൂമണ്‍ ഹെല്‍ത്ത് സര്‍വീസസും സ്ഥിരീകരിച്ചു.

കൊതുകളില്‍ നിന്നാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. വൈറസ് ബാധിച്ചുവെങ്കിലും, പലരിലും രോഗലക്ഷണങ്ങള്‍ കാണാറില്ലെന്നും 20 ശതമാനത്തിനും മാത്രമേ കാര്യമായ തലവേദന, പനി, പേശീവേദന, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവ പ്രകടമാകാറുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

ചുരുക്കം ചിലരില്‍ ഈ വൈറസ് തലച്ചോറിനെ ബാധിക്കുകയും, നാഡീവ്യൂഹത്തെ തളര്‍ത്തുകയും ചെയ്യും. ഒരു പക്ഷേ മരണം വരെ സംഭവിക്കുന്നതിനും സാധ്യതയുണ്ട്.

കൊതുകളുടെ കടിയേല്‍ക്കാതെ സൂക്ഷിക്കണമെന്ന് ടെക്സസ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പു നല്‍കി. മാത്രമല്ല കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയുംവേണം. കൈയ്യും കാലും മറയ്ക്കുന്ന വസ്ത്രങ്ങളും, വീടിനു ചുറ്റും വെള്ളം കെട്ടി കിടക്കുന്നതും തടയുകയും വേണം.

മുകളില്‍ ഉദ്ധരിച്ച രോഗലക്ഷങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുകയും വേണം. കഴിഞ്ഞവര്‍ഷം ടെക്സസ്സില്‍ 122 വെസ്റ്റ് നൈല്‍ വൈറസ് കേസുകള്‍ കണ്ടെത്തുകയും, 14 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. സമ്മര്‍ ആരംഭിച്ചതോടെ കൊതുകുശല്യം വര്‍ദ്ധിച്ചിട്ടുണ്ട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *