വ്യക്തിപൂജകളേയും ആരാധനയേയും ഷിറ്റ് വിളിച്ച് സ്റ്റൈലിൽ നടന്നു നീങ്ങുന്ന സുരേഷ് ഗോപി കഥാപാത്രം… എത്രയോ സിനിമകളിൽ അത് കണ്ട് ഞാനും നിങ്ങളും സുരേഷ് ഗോപിയ്ക്കായി കയ്യടിച്ചിരിക്കുന്നു. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം… സുരേഷ് ഗോപി അങ്ങനെ ചലച്ചിത്രതാരത്തിനും അപ്പുറം നമുക്കൊരു ആവേശമായിരുന്നു. കാലമൊക്കെ മാറിയപ്പോൾ നായകൻ പലപ്പോഴും വില്ലനായി. ആ പ്രവർത്തികളൊക്കെ കണ്ട് നമ്മളിൽ പലരും ‘ഷിറ്റ് ‘ വിളിച്ചു. കലികാലം എന്നല്ലാതെ എന്തു പറയാൻ. വിഷുക്കൈനീട്ടത്തിൻ്റെ പേരിൽ കാണിച്ചുകൂട്ടിയ മാടമ്പിത്തരത്തെ വിമർശിക്കാതെ വയ്യ…
കേന്ദ്രത്തിലാണല്ലോ പിടി, അതുകൊണ്ടാകാം കിട്ടാനില്ലാത്ത ഒരു രൂപ നോട്ടുകളുടെ കെട്ടുമായാണ് ആശാൻ്റെ നടത്തം. കാണുന്നവർക്കൊക്കെ വിഷുക്കൈനീട്ടവും സൗജന്യ പാദപൂജയ്ക്കുള്ള അവസരവും…. വിഷുക്കൈനീട്ടം കൊടുക്കുന്നത് നല്ലത് തന്നെ. പക്ഷെ കൂടെ നടത്തിയ കലാപരിപാടി അത്ര ശരിയായില്ല സാറെ.
ഒരാളിനോട് നമുക്ക് ബഹുമാനവും ആദരവുമൊക്കെ തോന്നുമ്പോൾ ചിലപ്പോൾ പാദങ്ങളിൽ തൊട്ട് നമസ്ക്കരിച്ചേക്കാം, ഭാരത സംസ്കാരത്തിൻ്റെ തന്നെ ഭാഗമാണത്. മഹത്തായ ആ സംസ്കാരത്തെ പക്ഷെ മലനപ്പെടുത്താൻ പാടില്ല. സുരേഷ് ഗോപി എന്താണ് ചെയ്തത്? എന്തായിരുന്നു ആ ശരീരഭാഷ പറയാതെ പറഞ്ഞത്? പോയ് മറഞ്ഞ കാലത്തെ അനുസ്മരിപ്പിക്കും വിധം തമ്പുരാനായി പല്ലക്കിൽ തന്നെ ഇരുന്നു. നിങ്ങളെൻ്റെ പാദ നമസ്കാരം ചെയ്തോളു എന്ന ഭാവത്തിൽ ചമഞ്ഞിരുന്നു. എന്ത് സന്ദേശമാണിത് സമൂഹത്തിനു പകരുന്നത്?
ത്യശൂരിൽ വീണ്ടുമൊരു അങ്കത്തിനിറങ്ങാനുള്ള എല്ലാ കളവും ആശാൻ ഒരുക്കുന്നുണ്ട്. അത് നിങ്ങളുടെ രാഷ്ട്രീയം. പക്ഷെ പാവം ജനങ്ങളെ അടിമകളായി കാണരുത്.
തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നിഷ്കളങ്കർ നിങ്ങളുടെ മാടമ്പിത്തരത്തിന് അടിമകളെ പോലെ കുട പിടിച്ചേക്കാം. പക്ഷേ, ഇതിനൊക്കെയെതിരെ പ്രതികരിക്കുന്ന, വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള ഒരു സമൂഹം വളർന്നു വരുന്നുണ്ട്. അവർക്ക് മുന്നിൽ നിങ്ങളും നിങ്ങളുടെ പ്രമാണിചമയലും ചൂളിപ്പോകുന്ന കാലം വിദൂരമല്ല
(ജെയിംസ് കൂടൽ ,ചെയർമാൻ ,ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ,യൂ എസ് എ )