പത്തനംതിട്ട: സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ജനകീയ, സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. അടൂര്‍ ആനന്ദപ്പള്ളിയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നത്. ഉച്ചയൂണിന് ഒപ്പം മറ്റ് ഭക്ഷണസാധനങ്ങളും കളക്ടറുടെ കമ്മിറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് സുഭിക്ഷ ഹോട്ടലില്‍ നല്‍കാം. സാധാരണക്കാര്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം കൃത്യമായി കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 44 സുഭിക്ഷ ഹോട്ടലുകള്‍ കൂടി തുറക്കുന്നതോടെ എല്ലാ ജില്ലകളിലും ഈ പദ്ധതി യാഥാര്‍ഥ്യമാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടല്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും ഭക്ഷ്യ പൊതുവിതരണവകുപ്പ് തയാറാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാരിന്റെ നയം ലക്ഷ്യമാക്കിയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ മാസം രണ്ടു തവണ റേഷന്‍ വിതരണം സാധ്യമാക്കുന്നു. റേഷന്‍ കാര്‍ഡിന്റെ മാറ്റത്തിനൊപ്പം റേഷന്‍ കടകളെയും ആധുനികവല്ക്കരിക്കാന് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.ഒരാള്‍ പോലും പണമില്ലാതെ ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന ചിന്തയില്‍ സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി സാധാരണക്കാര്‍ക്ക് ഗുണകരമാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.