തൃശൂർ: പത്താം ക്ലാസ് – പ്ലസ്ടു പരീക്ഷകള്‍ കഴിയാന്‍ ഇനി നാളുകള്‍ മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. ഉന്നതപഠനത്തിന് ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം, ഏതു മേഖലയിലേക്ക് തിരിയണം, അനുയോജ്യമായ കോളേജുകള്‍, കോഴ്‌സ് രജിസ്‌ട്രേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതിനെല്ലാം ഉത്തരമൊരുക്കി കാത്തിരിക്കുകയാണ് മെഗാമേള.
തൊഴിലന്വേഷിക്കുന്ന ഏതൊരാള്‍ക്കും തൊഴില്‍ദായകമായ കോഴ്‌സുകളെക്കുറിച്ചറിയാനും സ്റ്റോളില്‍ തന്നെ താല്പര്യമുള്ള കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാനും തൊഴില്‍പോര്‍ട്ടലുകളിലേയ്ക്കുള്ള ആജീവനാന്ത രജിസ്‌ട്രേഷനും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഡീഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമായ അസാപ് ഒരുക്കിയിരിക്കുന്ന സ്റ്റോളില്‍ ലഭ്യമാണ്. 14 സെക്ടറുകളിലായുള്ള നൂറിലധികം കോഴ്‌സുകള്‍, മൂവായിരത്തോളം സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെപ്പറ്റി ഇവിടെ വന്നാലറിയാം. സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കിയ സ്റ്റോളിലെത്തിയാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികള്‍, ശരണ്യ പദ്ധതി വഴി നടപ്പിലാക്കുന്ന തൊഴില്‍ സേവനങ്ങള്‍, കൈവല്യ പദ്ധതി, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയംതൊഴില്‍ വായ്പകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. പുതിയതായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാനും രജിസ്‌ട്രേഷന്‍ പുതുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ നടപ്പിലാക്കിവരുന്ന യുവകേരളം, ഡിഡിയൂജികെവൈ, ഉന്നതി തുടങ്ങി നൂതന തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനപദ്ധതികളെക്കുറിച്ച് കുടുംബശ്രീയുടെ സ്റ്റോളില്‍ നിന്നറിയാം. ഗുണഭോക്താക്കള്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസരിച്ച് 39 സെക്ടറുകളിലായുള്ള 121 തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. സ്വദേശത്തും വിദേശത്തും തൊഴില്‍സാധ്യത നല്‍കുന്നതാണീ കോഴ്‌സുകള്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന മാറ്റങ്ങള്‍, വിവിധ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ എല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ക്രമീകരിച്ച സ്റ്റാളില്‍ അറിയാം. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ കോഴ്‌സുകള്‍, സൗകര്യങ്ങള്‍, മികവുകള്‍ എല്ലാം അറിയാനാകുന്ന സ്റ്റാള്‍ ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടന്നുവരുന്നു.