ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു

Spread the love

ന്യൂയോര്‍ക്ക്: സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ, പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു.

സംഘടനയിൽ വലിയ മാറ്റങ്ങളും പുതിയ കർമ്മപരിപാടികളും ആവിഷ്കരിക്കുമെന് പ്രഖ്യാപിച്ചാണ് ബാബു സ്റ്റീഫൻ രംഗത്തിറങ്ങുന്നത്. കൺവൻഷനുകൾ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതിന് പകരം അമേരിക്കൻ രാഷ്ട്രീയ രംഗത്തു സ്വാധീനവും ശക്തിയും മലയാളി സമൂഹത്തിനും നേടിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവർത്തനമെന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വന്ന നിരവധി പേർ ബൈഡൻ ഭരണകൂടത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ മലയാളികൾ വിരലിലെണ്ണാൻ മാത്രം. ഇത് വരെ ഒരു സംഘടനക്കും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിനൊരു മാറ്റമാണ് താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പതിവ് പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളും തുടരുമെങ്കിലും മലയാളി സമൂഹത്തെ ശാക്തീകരിക്കാറും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കും.

കേരളത്തിൽ കുറഞ്ഞത് 25 വീടുകളെങ്കിലും വീടില്ലാത്തവർക്ക് നൽകുകയാണ് ചാരിറ്റി പ്രവർത്തനത്തിൽ മുഖ്യമായി ലക്ഷ്യമിടുന്നത്. അത് ആദ്യവർഷം തന്നെ നൽകും

സംഘടനയിൽ അധികാരം വീതം വച്ച് നൽകുന്ന രീതിയോട് താല്പര്യമില്ലെന് അദ്ദേഹം പറഞ്ഞു. ജനകീയ പ്രസ്ഥാനം എന്ന നിലയിൽ ജനാധിപത്യ രീതിയിൽ സംഘടന പ്രവർത്തിക്കണം.

എല്ലാ തലത്തിലും ഫൊക്കാന ശക്തിപ്പെടുത്താനും കൂടുതൽ ജനപങ്കാളിത്തം നേടാനും പദ്ധതികൾ ആവിഷ്കരിക്കും.

ഫൊക്കാനയിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ച ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നിവ. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായിരുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസർ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരമാണ്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനാ യാത്രാ ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉണ്ടായിരുന്നു.

ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിസിയിലെ എല്ലാ സംഘടനകളും ബാബു സ്റ്റീഫന് പിന്നിൽ സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹത്തോടടുപ്പമുള്ളവർ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *