സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി ആരുടെ മുന്നിലും തലകുനിക്കാത്ത നട്ടെല്ലുള്ള പോരാളിയായിരുന്നു ആര്.ശങ്കറെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്.ശങ്കറിന്റെ 113-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പുഷ്പാര്‍ച്ചനക്ക് ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സാമൂഹിക രാഷ്ട്രീയ പ്രതിഭാശാലിയായിരുന്നു ശങ്കര്‍.കെപിസിസി അധ്യക്ഷനെന്ന നിലയില്‍ പ്രക്ഷോഭരംഗത്ത് കോണ്‍ഗ്രസിനെ കൊടുങ്കാറ്റിന്റെ വേഗതയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസിന് എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്നതും കുടിയാന്മാരെയും ചെറുകിട കര്‍ഷകരെയും അടിമത്വത്തിന്റെ ചങ്ങലയില്‍ നിന്നും മോചിപ്പിച്ചതുമായ ഭൂപരിഷ്ക്കരണ നിയമം പാസാക്കിയതാണ് ശങ്കര്‍ മന്ത്രിസഭയുടെ നേട്ടങ്ങളില്‍ പ്രധാനം.അദ്ദേഹത്തിന്റെ ഭരണകാലത്ത് വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കേരളത്തിലുണ്ടായത്. മികച്ച ഭരണാധികാരിയായും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായും അദ്ദേഹം ചാര്‍ത്തിയ കയ്യൊപ്പുകള്‍ കാലാതീതമാണെന്നും സുധാകരന് പറഞ്ഞു.
കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെപിസിസി വെെസ് പ്രസിഡന്റ് ,എന്‍.ശക്തന്,ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്,ജി.എസ്.ബാബു,ജി.സുബോധന്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്, നിര്‍വാഹക സമിതി അംഗം വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.