ഉദ്യോഗസ്ഥനെ ഗുജറാത്തിൽ അയച്ചത് സി. പി .എം.- ബി ജെ.പി. ബന്ധത്തിന്റെ തുടർച്ച : രമേശ് ചെന്നിത്തല

Spread the love

തിരു:മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്തിരുന്ന ഒരു ‘മോഡൽ’ കണ്ടുപഠിക്കാൻ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാത്തിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സി.പി.എം. -ബി .ജെ .പി. അവിശുദ്ധബന്ധത്തിന്റെ തുടർച്ച മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വർഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ്ബോർഡ് കണ്ടുപഠിക്കാൻ വേണ്ടിയാണ് സി.പി.എമ്മും പിണറായി വിജയനും സർക്കാർ സംവിധാനത്തെ ഉപയോഗിച്ചത്.

ഇതൊരു തുടർച്ച മാത്രമാണ്. ഇതിനും മുൻപ് എത്രയോ വട്ടം സംഘപരിവാറുമായി കൈകോർത്ത് മോദിയെ പുണരുന്ന സി.പി.എമ്മിനെയും പിണറായി വിജയനെയും നമ്മൾ കണ്ടിരിക്കുന്നു.

ഗുജറാത്തിലേക്ക് പഠനം നടത്താൻ സംഘത്തെ അയക്കും മുൻപ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി നടത്തിയ പ്രസ്താവന ഒരു സൂചനയായിരുന്നു.വർഷങ്ങൾക്ക് മുൻപ് പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയെ സൈദ്ധാന്തികമായി അവതരിപ്പിച്ച് സംഘപരിവാർ നിരുപദ്രവകാരികൾ ആണെന്ന് വരുത്തിത്തീർക്കുക എന്ന ജോലി മാത്രമാണ് ബേബിക്കുണ്ടായിരുന്നത്.

ആർ.എസ്.എസ് സൈദ്ധാന്തികനും ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരുമായിരുന്ന ആർ. ബാലശങ്കർ , ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി കോന്നിയിൽ ബി.ജെ.പി.ക്ക് സി.പി.എം. സഹായം ചെയ്യുമെന്നുള്ളതായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീലെന്ന് പറഞ്ഞിരുന്നു.

ഇതേ ആരോപണത്തിന്റെ ഉദുമ വേർഷൻ ആയിരുന്നല്ലോ അതിന് മുൻപ് ബി.ജെ.പി. സംസ്ഥാന നേതാവ് എം.ടി .രമേശ്‌ ഉയർത്തിയത്. 1977-ൽ കെ.ജി മാരാർ എന്ന കേരളത്തിലെ ആർ.എസ്.എസിന്റെ തലമുതിർന്ന നേതാവിനെ ഉദുമയിൽ സ്ഥാനാർത്ഥിയാക്കിയതിൽ സി.പി.എമ്മിന്റെ പങ്ക് നിഷേധിക്കാൻ കഴിയാത്ത ചരിത്ര യാഥാർഥ്യമായി ഇവിടെ നിലനിൽക്കുന്നുണ്ട്. ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയും സി.പി.എമ്മും തോളോട് തോൾ ചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കാനായി നിലകൊണ്ട തിരഞ്ഞെടുപ്പായിരുന്നു അത്‌. 1956-ൽ കണ്ണൂർ ജില്ലയിൽ ആദ്യത്തെ ആർ.എസ്.എസ്. ശാഖ പയ്യന്നൂരിൽ സ്ഥാപിച്ച കെ.ജി. മാരാരെ മാലയിട്ട് സ്വീകരിക്കാൻ അന്നത്തെ സി.പി.എമ്മിന്റെ തലമുതിർന്ന നേതാക്കൾ മുതൽ പിണറായി വിജയൻ വരെയുള്ളവർ ക്യൂ നിന്നത് ഒരു തുടക്കം മാത്രമായിരുന്നുവെന്ന് പിൽക്കാലത്ത്
ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇതിന്റെയെല്ലാം ഗുണഭോക്താക്കളിൽ ഒരാൾ പിണറായി വിജയൻ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 2018-ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയിൽ വന്ന ലാവ് ലിൻ കേസ് ഇരുപതിലധികം തവണയാണ് മാറ്റിവെച്ചത്. അടിയന്തരമായി വാദം കേൾക്കണമെന്ന നിലപാടിൽ നിന്ന് സി.ബി.ഐ പോലും മാറി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സ്വർണക്കടത്ത് കേസിന്റെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത കേസ് എത്ര പെട്ടെന്നാണ് ദുർബലപ്പെട്ടത്. അന്വേഷണം വരെ നിലച്ചല്ലോ.

2018-ൽ കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍.എസ്.എസിന്റെ ദേശീയതലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെയും നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന ലോക ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാർ ക്ഷണം നിരസിച്ചപ്പോൾ പോയത് കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *