പ്രകടന പത്രികയിലെ 25 വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി

Spread the love

പ്രകടന പത്രികയിൽ തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകൾക്ക് കീഴിൽ വരുന്ന 79 വാഗ്ദാനങ്ങളിൽ 25 എണ്ണം യാഥാർഥ്യമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൈപുണ്യ പോഷണം, തൊഴിൽ ലഭ്യമാക്കൽ എന്നിവയ്ക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തിയത്. യുവകേരളം പദ്ധതി വഴി 1666 , ഡി ഡി യു ജി കെ വൈ മുഖേന 4430 പേരുൾപ്പെടെ ആകെ 6096 പേർക്ക് പരിശീലനവും ജോലിയും ലഭ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനോടകം അഞ്ച് ഗ്രാമീണ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അവശ്യ ഭക്ഷ്യ വസ്തുക്കൾ വികേന്ദ്രീകൃതമായി ഉദ്പാദിപ്പിച്ചു ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ഉൾപ്പെടെ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടു. കണ്ണൂർ കാർഷിക സംസ്‌കരണ മേഖലയിലെ 35 യൂണിറ്റുകളുടെ 10 ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കി. ആറ് ജില്ലകളിലെ ധാന്യ മസാലപ്പൊടികളുടെ ബ്രാൻഡിംഗ് ഈ വർഷം നടക്കും. 672 കുടുംബശ്രീ ഉത്പന്നങ്ങൾ ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കി.
തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിയമം പാസാക്കിയതും 75 ദിവസം തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചതും തൊഴിലാളികൾക്ക് ഗുണകരമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനും തൊഴിൽ കാർഡ് നൽകാനും സാധിച്ചു. അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനായി നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ കണ്ടെത്തി.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 4481 സംഘകൃഷി ഗ്രൂപ്പുകൾ രൂപവത്ക്കരിക്കുകയും 1787.49 തരിശ് ഭൂമി കൃഷിയോഗ്യമാക്കുകയും ചെയ്തു. നഗരസഭകളിൽ 4198.51 ഹെക്ടറാണ് ഇത്തരത്തിൽ ഉപയോഗപ്രദമാക്കിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർഥ്യമാക്കാനായത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. പ്രവാസി ഗ്രാമസഭ, യുവജന ഗ്രാമസഭ, ഓൺലൈൻ ഗ്രാമസഭ തുടങ്ങിയവ നടപ്പാക്കുകയും ഗ്രാമസഭാ പോർട്ടൽ യാഥാർഥ്യമാക്കുകയും ചെയ്തു. പി റ്റി എ, എസ് എം സി , ആശുപത്രി വികസന സമിതികൾ എന്നിവ കാര്യക്ഷമമാക്കി.
തദ്ദേശ സ്വയംഭരണ സമിതികൾക്ക് വർക്കിങ് ഗ്രൂപ്പിലേക്കുള്ള വിദഗ്ധരെ ഉൾപ്പെടുത്താൻ അനുമതി നൽകി. തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി സംവിധാനമൊരുക്കി. വകുപ്പിൽനിന്നുള്ള അവശ്യ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കി. നീർത്തട പദ്ധതികളുടെ ഏകോപനത്തിനായുള്ള നടപടികൾ സ്വീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തി. സ്‌നേഹിത ജെണ്ടർ ഹെൽപ് ഡെസ്‌ക്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തി. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപവൽക്കരിച്ച് 302595 യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കി. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിന്റെ ഭാഗമായി 2021 ൽ 19934 അബ്കാരി കേസുകളും 3922 എൻ ഡി പി എസ് കേസുകളുമെടുത്തു.

മദ്യ വർജ്ജനം പടിപടിയായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിമുക്തിയുടെ പ്രവർത്തനം ശക്തിപ്പെടുത്തി. സംസ്ഥാനത്തെ 19391 വാർഡുകളിൽ വിമുക്തി ജാഗ്രതാ സമിതികൾ രൂപവത്കരിച്ചു. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും ഡി അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപഭോഗം ഇല്ലാതാക്കുന്നതിനായി ഉണർവ്, നിറക്കൂട്ടം, ശ്രദ്ധ തുടങ്ങിയ ഗ്രൂപ്പുകൾ രൂപവൽക്കരിച്ചു പ്രവർത്തനം തുടങ്ങി.
ഇവ കൂടാതെ പ്രകടനപത്രികയിൽ പരാമർശിക്കാത്ത പദ്ധതികളും ഇക്കാലയളവിൽ നടപ്പാക്കിയിട്ടുണ്ട്. കുടുംബശ്രീ വായ്പകൾ, മൈക്രോ എന്റർപ്രൈസസ് എന്നിവ വിപുലമാക്കിയതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് പ്രവാസി ഭദ്രത പദ്ധതി, മൃഗ സംരക്ഷണം, ഓൺലൈൻ സേവനങ്ങൾതുടങ്ങിയവയും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *