മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം
തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍ അഭിനന്ദനീയമാണ്. സേവനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍വരെ അര്‍പ്പിച്ച നഴ്സുമാരും നമുക്കിടയിലുണ്ട്. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. കോവിഡ് മഹാമാരിയുള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സമൂഹത്തിനാകെ നഴ്സുമാര്‍ നല്കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. മെയ് 6 മുതല്‍ 12 വരെ അന്താരാഷ്ട്ര നഴ്സസ് വാരമായും ആചരിക്കുന്നു. ‘Nurses: A Voice to Lead – Invest in Nursing and respect rights to secure global health’ എന്നതാണ് ഈ വര്‍ഷത്തെ നഴ്സിംഗ് ദിന സന്ദേശം.
കോവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തിന്റെ വലിയൊരു പങ്കും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും അവകാശപ്പെട്ടതാണ്. രോഗീപരിചരണത്തോടൊപ്പം തന്നെ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിനും, ജനങ്ങളെയും ജീവനക്കാരെയും ബോധവത്ക്കരിക്കുന്നതിനും ഓരോ നഴ്സും ശ്രദ്ധിച്ചിരുന്നു. പൊതുജനങ്ങള്‍ക്കു ഗുണ നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ 1300 ഓളം സ്റ്റാഫ് നഴ്സുമാരെ എംഎല്‍എസ്പിമാരായി പരിശീലനം നല്കി ആരോഗ്യ സ്ഥാപനങ്ങളില്‍ നിയമിച്ചു.
ഇന്ത്യയിലെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് മികച്ചു നില്ക്കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി 127 കോളേജുകളും, 132 നഴ്സിംഗ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ഓരോ വര്‍ഷവും പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് നഴ്സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍, ലോകത്താകെയുള്ള നഴ്സുമാരുടെ സേവനങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.