യുഡിഎഫ് സായാഹ്ന ധര്‍ണ്ണ 20ന്

Spread the love

തിരുവനന്തപുരം: സമസ്ത മേഖലകളിലും വന്‍ പരാജയമായ ഇടതുമുന്നണി സര്‍ക്കാരിനെതിരേ യുഡിഎഫ് ഈ മാസം 20ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് തലത്തിലും നഗരസഭകളിലും കോര്‍പ്പറേനുകളിലും അന്നു സായാഹ്ന ധര്‍ണ നടത്തും. യുഡിഎഫിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇതില്‍ പങ്കെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കോവിഡിന്റെ മറവില്‍ കിറ്റും പെന്‍ഷനും നല്കിയാണ് കഴിഞ്ഞ തവണ പിണറായി വിജയന്‍ അധികാരം നിലനിര്‍ത്തിയത്. കോവിഡ് പ്രതിസന്ധി മൂലം ജീവിതമാര്‍ഗം മുഴുവന്‍ നഷ്ടപ്പെട്ട ജനങ്ങള്‍ തുടര്‍ന്നും സര്‍ക്കാര്‍ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണു പിണറായിക്കു തുടര്‍ഭരണം നല്‍കിയത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ കിറ്റ്, പെന്‍ഷന്‍, പാവപ്പെട്ടവരുടെ ചികിത്സ, പൊതു മേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം തുടങ്ങി എല്ലാം മുടങ്ങി.

സില്‍വര്‍ലൈനിന്റെ പേരു പറഞ്ഞ് നാട്ടില്‍ കലാപത്തിനു വഴി തുറന്ന് ജനങ്ങളെ തല്ലിച്ചതച്ചതല്ലാതെ വേറൊന്നും ഒരു വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടില്ല. ശക്തമായ ജന രോഷത്തെത്തുടര്‍ന്ന് ഇപ്പോള്‍ കെ റെയില്‍ പദ്ധതിയുടെ കല്ലിടീല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നടപടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പരാജയപ്പെട്ടാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുമോ എന്നും ഹസന്‍ ചോദിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ്ണമായി പിന്‍വലിക്കുന്നതു വരെ യുഡിഎഫ് സമരം തുടരും. സില്‍വര്‍ലൈന്‍ വിരുദ്ധസമിതി, മദ്യവര്‍ജനസമിതി, ഇതര ജനകീയ സമിതികള്‍ തുടങ്ങിയവരുടെയെല്ലാം പിന്തണ ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തും. 2015ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ കൊച്ചിമെട്രോ റെയിലിന്റെ ഒന്നാം ഘട്ടത്തിനു ശേഷം ഈ പദ്ധതി കാക്കനാട്ടേക്കു നീട്ടാന്‍ ചെറുവിരലനക്കാത്ത സര്‍ക്കാരാണ് തൃക്കാക്കരയില്‍ വിജയിച്ചാല്‍ ഇവിടേക്ക് സില്‍വര്‍ ലൈന്‍ കൊണ്ടു വരുമെന്നു പറയുന്നത്. വികസനത്തിന്റെ പേരില്‍ വാചകമടിയല്ലാതെ വേറൊന്നും പിണറായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും ഹസന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. പിഎസ്‌സി വഴി നിയമനം കിട്ടാക്കനിയാകുമ്പോഴും പൊതു മേഖലാസ്ഥാപനങ്ങളിലും സര്‍വകലാശാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനം പൊടിപൊടിക്കുന്നു. അവിടങ്ങളില്‍ നിയമനം കിട്ടുന്നവരെല്ലാം സിപിഎം നേതാക്കളും മക്കളോ ഭാര്യമാരോ അടുത്ത ബന്ധുക്കളോ മാത്രമാകുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ മുഹമ്മദ് റിയാസിനും എ.എ. റഹിമിനും സ്ഥിരം ജോലി കിട്ടിയതോടെ ഡിവൈഎഫ്‌ഐ സര്‍ക്കാരിന്റെ അടിമക്കൂട്ടമായി മാറി. കെഎസ്ആര്‍ടിസി, കെഎസ്ഇബി തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളില്‍പ്പോലും ശമ്പളം കിട്ടുന്നില്ല. കെഎസ്ആര്‍ടിസി ബസുകളുടെ ഉടമസ്ഥര്‍ സര്‍ക്കാരാണെന്നിരിക്കെ അതിലെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് ഗതാഗത മന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ചു പറയുന്നു. തൊഴിലാളികളെ പട്ടിണിക്കിട്ടു നരകിപ്പിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍കാരുടെ കാര്യവും സമാനമാണ്. ശമ്പള കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ഒരാനുകൂല്യവും ഇതുവരെ നല്‍കിയില്ല.മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ വിദേശത്തും കേരളത്തിനു പുറത്തും മികച്ച ചികിത്സ തേടി പോകുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും സാധാരണ ജനങ്ങളും സര്‍ക്കാര്‍ ചികിത്സയുടെ പുറത്താണ്. മെഡിസെപ് പദ്ധതി, കാരുണ്യ പദ്ധതി തുടങ്ങിയ പദ്ധതികളെല്ലാം അവതാളത്തിലാണെന്നും എല്ലാ വിഭാഗം ജനങ്ങളും ദുരിതത്തിലാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. ഇതിനെതിരായ ജനകീയ വിചാരണയാണ് 20നു നടക്കുന്ന യുഡിഎഫ് സായാഹ്ന ധര്‍ണയെന്ന് ഹസന്‍ വിശദീകരിച്ചു.

Author