ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാന്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാര്‍ത്ഥിയെന്ന എന്ന നിലയില്‍ വനിതാ ശാക്തീകരണത്തിനു കരുത്തു പകരുന്നുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
അധികാര സ്ഥാനങ്ങളിലെ വനിതകളുടെ, പ്രത്യേകിച്ച് കേരള സ്ത്രീയുടെ അഭാവം ഏറ്റവും പ്രകടമാണ്. വിവിധ പ്രവാസി സംഘടനകള്‍ പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ ഫോമയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും, പരിഗണനയും നല്കിയിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. മത്സര രംഗത്തേക്ക് വരുന്ന സ്ത്രീകളെ പൊതുയിടങ്ങളില്‍ ഉള്‍പ്പടെ ഭീഷണിപ്പെടുത്തി പിന്‍മാറ്റുന്ന ചരിത്രം നമുക്ക് മുന്‍പിലുണ്ട് എന്നത് ഞാന്‍ മറക്കുന്നില്ല.
നമുക്ക് വേണ്ടത് സ്ത്രീയും പുരുഷനും തുല്യമായി ബഹുമാനിക്കപ്പെടുന്ന, ഭീഷണികൊണ്ടും, മോശം വാക്കുകളുടെ ഉപയോഗം കൊണ്ടും ഒരു പ്രവര്‍ത്തകനെയോ, വനിതയെയോ മലിനമാക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു നേതൃത്വമാണ്. ശ്രീ ഡോക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എനിക്ക് തുല്യ ബഹുമാനവും, സുതാര്യതയും, എല്ലാവരെയും കേള്‍ക്കുകയും, നീതിപൂര്‍വകവുമായ പ്രവര്‍ത്തനവും ഉറപ്പു നല്‍കാന്‍ കഴിയും.
നമുക്ക് നമ്മുടെ ഭൂതകാലം മറക്കാനാവുകയില്ല. കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം കുടിയേറ്റക്കാരും ആതുര ശുശ്രൂഷ രംഗത്ത് ജോലി തേടി വന്നവരോ അവരോടൊപ്പം വന്നവരോ ആണ്. നമ്മുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും മുന്തിയ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും അവര്‍ നല്‍കിയ സംഭാവന നമുക്ക് വിസ്മരിക്കാന്‍ കഴിയില്ല. അവരെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു.കോവിഡ് മഹാമാരിയുടെ കാലത്തും ഏറ്റവും സ്തുത്യര്‍ഹ്യമായ സേവനം അനുഷ്ടിച്ചവരാണ് അവര്‍. ചരിത്ര വനിതകളായി രേഖപ്പെടുത്തപ്പെട്ടവര്‍ ഉള്‍പ്പടെ സാമൂഹ്യ രംഗത്തേക്ക് സേവനത്തിനായി സമയം കണ്ടെത്തി ഈ നാടിനും, സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് കയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കണമെന്നാണ് എനിക്ക് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
സ്ത്രീകള്‍ ബഹുമുഖ പ്രതിഭകളാണ് . അംഗ സംഘടനകളുടെ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് അവരാണ്. അംഗസംഘടനകളിലും വനിതകള്‍ ഭാരവാഹികളായി സമൂഹത്തെ നയിക്കാന്‍ മുന്നിട്ടിറങ്ങണം. സംഘടനാ പരിപാടികള്‍ അതുവഴി കുടുബ സംഗമങ്ങളായി മാറുന്നിടത്താണ് സ്‌നേഹവും, സാഹോദര്യവും, പരസ്പര സഹവര്‍ത്തിത്വവും ഉണ്ടാകുന്നത്.
1995 ല്‍ ബീജിങ്ങില്‍ നടന്ന ലോക രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് സ്ത്രീകള്‍ക്ക് ഭരണ പങ്കാളിത്തത്തിലുള്ള അനിവാര്യതയെ കുറിച്ച് ആദ്യമായി ചര്‍ച്ച ചെയ്തത് എങ്കിലും അതിനും എത്രയോ മുന്‍പ് തന്നെ ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ സ്ത്രീ സംവരണം നടപ്പിലാക്കിയിരുന്നുവെന്നത് നമ്മള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണനയെ എടുത്തുകാണിക്കുന്നുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്ന മുദ്രകുത്തലില്‍ നിന്ന് രാഷ്ടീയത്തിന്റെ മുഖ്യധാരയിലേക്ക് വനിതകള്‍ ധീരമായ ചുവട് വെപ്പാണ് നടത്തിയത്. സ്ത്രീ ശാക്തീകരണം ഒരു സമൂഹത്തിന്റെ വികസനത്തിനുതകുന്ന മാനവ വിഭവശേഷിയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും മാനദണ്ഡങ്ങളും, അളവുകോലുമാകുന്ന കാലത്താണ് സമൂഹം അതിന്റെ പൂര്ണതയിലെത്തുക. സാമൂഹ്യ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് അതുകൊണ്ടു തന്നെ നിര്‍ണ്ണായകവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.