കോട്ടയം: കേരള പേപ്പര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡിനെ (കെ.പി.പി.എല്‍.) രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വെള്ളൂരില്‍ കെ.പി.പി. എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.നാലുഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണിന്റെ ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തില്‍ അഭിവൃദ്ധിപ്പെടുത്താനായതില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്. ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരില്‍ നിന്നും ലഭിച്ചുവെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും കെപിപിഎല്‍ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഒന്നാം ഘട്ടത്തില്‍ പേപ്പര്‍ മെഷീന്, ഡീ ഇന്‍കിങ്ങ് പ്ലാന്റ്, പവര്‍ ബോയ്ലര്‍ മറ്റനുബന്ധ യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി രൂപ ചെലവില്‍ അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാനായി. ഇതിലൂടെ ആദ്യ റീല്‍ പേപ്പറിന്റെ ഉത്പാദനം സാധ്യമായി. രണ്ടാംഘട്ടത്തില്‍ പള്‍പിങ്ങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുള്ള 44.94 കോടി രൂപയ്ക്ക് പുറമെ 75.15 കോടി രൂപയുടെ മൂലധന നിക്ഷേപമുള്‍പ്പെടെ കെ പി പി എല്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കാനായി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 154.39 കോടി രൂപയാണ് ചെലവിടുന്നത്. 1000 കോടി രൂപ മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂര്‍ത്തീകരിക്കും. പാക്കേജിംഗുമായി ബന്ധപ്പെട്ട പേപ്പര്‍ ഉത്പാദനം നടത്തി പ്രവര്‍ത്തനം വൈവിധ്യ വത്ക്കരിക്കാനുള്ള കെ. പി. പി. എല്ലിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. പ്ലാസ്റ്റിക്കിനേക്കാള്‍ പ്രകൃതി സൗഹൃദമാണ് പേപ്പര്‍ എന്നുള്ളതുകൊണ്ടു തന്നെ ആളുകള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ പ്രയോജനം ചെയ്യും. കമ്പോളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇത്തരം സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം ഉത്പാദനത്തിനായി ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. പരിശീലനത്തിലൂടെ മാത്രമേ ജീവനക്കാരെ നവീകരിക്കാനാകൂ.
കേരളത്തിലെ വ്യവസായ മേഖലയെ കാലാനുസൃതമായി നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐ. ടി., ടൂറിസം, ബയോടെക്നോളജി, കാര്‍ഷിക മേഖല, ഭക്ഷ്യ വസ്തുക്കളുടെ മേഖല തുടങ്ങി വിവിധ മേഖലകളിലെല്ലാം വലിയ തോതില്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതേസമയം വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനത്തിലൂടെ പ്രകൃതി സൗഹൃദ വ്യവസായ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി അടുത്ത 25 വര്‍ഷം കൊണ്ട് മധ്യവരുമാന വികസിത നാടുകളുടെ ഗണത്തിലേക്ക് നാടിനെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ ലക്ഷ്യം അതിവിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായിക മേഖല നിക്ഷേപ സൗഹൃദമാക്കിയത് വളരെ ഗുണം ചെയ്യുന്നുണ്ട്. നിക്ഷേപകരുടെ സൗകര്യത്തിനായി കെ-സ്വിഫ്റ്റ് സംവിധാനത്തിലൂടെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് പുരോഗതി ഉറപ്പു വരുത്തി. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സംവിധാനവും കെ-സിസിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈസ് ഡൂയിംഗ് ബിസിനിസ് കോര്‍ ഇരട്ടിയാക്കാന്‍ കഴിഞ്ഞതോടെ വ്യവസായികരംഗത്ത് വമ്പിച്ച നേട്ടം നേടാനായി. കഴിഞ്ഞ കാലയളവില്‍ ചെറുകിട ഇടത്തരം സൂക്ഷമ വ്യവസായ സംരംഭങ്ങള്‍ ധാരാളമായി വര്‍ദ്ധിച്ചു. 83541 സംരംഭങ്ങള്‍, 7900 കോടിയുടെ നിക്ഷേപങ്ങള്‍, 298361 തൊഴിലുകള്‍ എന്നിവയാണ് സൃഷ്ടിക്കപ്പെട്ടത്.
2022-23 വര്‍ഷം ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ നടപ്പാക്കും. 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നേടിയെടുത്തിട്ടുണ്ട്. സ്വകാര്യ – പൊതുമേഖലയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തുന്നുണ്ട്. കെ.എം.എം.ഇ എല്‍ 332 കോടി രൂപയാണ് പ്രവര്‍ത്തനലാഭം നേടിയിരിക്കുന്നത്. 2021-22 വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഉള്ള 41 വ്യവസായ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തന ലാഭം 245.62 ശതമാനം വര്‍ദ്ധിച്ചു. 2030 നകം നടപ്പാക്കാനുദേശിക്കുന്ന കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. സഹകരണ – രജിസ്ട്രേഷന് വകുപ്പു മന്ത്രി വി.എന്‍. വാസവന്, മുന്‍ മുഖ്യമന്ത്രിയും എം.എല്‍.എ.യുമായ ഉമ്മന്‍ ചാണ്ടി, എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്, എം.എല്‍.എ.മാരായ സി.കെ. ആശ, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്, മുന്‍ എം.എല്‍.എ.മാരായ കെ.ജെ. തോമസ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, സ്റ്റീഫന്‍ ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.പി.പി.എല്‍ ചെയര്‍മാനുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, സ്പെഷല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന് നായര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിറപറ നല്കി. എസ്. സന്ദീപിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ സ്നേഹോപഹാരം മുഖ്യമന്ത്രിക്ക് കൈമാറി.
Report : Aishwarya