നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണം

Spread the love

വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്തു വയനാട്: സമഗ്രവും സുസ്ഥിരവുമായ വികസനം എങ്ങനെ നടപ്പിലാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് ആരോഗ്യവും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ‘ഭൂമിക്കൊരു തണൽ’ ആശമാർക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനംവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ. സി ബാലകൃഷ്ണൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച കൽമണ്ഡപം, ആദിവാസി ഗർഭിണികൾ ക്കായുള്ള പ്രസവപൂർവ്വ പാർപ്പിടം- പ്രതീക്ഷ, വനിതകൾ ക്കായുള്ള വിശ്രമകേന്ദ്രം, ഫിറ്റ്നസ് സെന്ററും ജിംനേഷ്യവും എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കാനറ ബാങ്കിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുള്ള ഫിസിയോ തെറാപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്റെ ശിലാസ്ഥാപനവും സുൽത്താൻ ബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുള്ള ഫുള്ളി ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓൺ കർമ്മവും ആദിവാസി വയോജനങ്ങൾക്കായുള്ള ഇ-ഹെൽത്ത് കാർഡിന്റെ വിതരണവും ഫിസിയോ തെറാപി യുണിറ്റിലേക്കുള്ള നൂതന ഉപകരണങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടന്നു.
ആദിവാസി വിഭാഗങ്ങളിലെ ഗർഭിണികൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഷെൽട്ടർ ഹോം ആണ് പ്രതീക്ഷ. ഗർഭിണിക്കും കുടുംബത്തിനും ഒന്നടങ്കം താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രതീക്ഷയിൽ ഒരുക്കിയിട്ടുണ്ട്. ഫീൽഡ് തലത്തിൽ റിസ്ക് അനാലിസിസ് നടത്തി കണ്ടെത്തുന്ന ഗർഭിണികളെ പ്രതീക്ഷിത പ്രസവ തീയതിക്ക് ഒരാഴ്ച മുൻപ് പ്രതീക്ഷയിൽ എത്തിക്കും. 20 ലക്ഷം രൂപ ചിലവിലാണ് പ്രതീക്ഷ കെട്ടിടം നിർമിച്ചിരിക്കുന്നത്. ആദിവാസി ഗർഭിണികളിലെ വിളർച്ച തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തരാട്ട് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിനായി നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപ ചെലവിലാണ് ഫിറ്റ്നസ് സെന്റർ ആൻഡ് ജിം നിർമിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപ വകയിരുത്തിയാണ് വാഷ് റൂം, റിലാക്സ് ഏരിയ, മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് റും എന്നിവ ഉൾപ്പെടെയുള്ള വനിത വിശ്രമകേന്ദ്രം നിർമ്മിച്ചത്.കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കുന്നതിനായി 5 ലക്ഷം രൂപ ചിലവഴിച്ചാണ് കൽമണ്ഡപം നിർമിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കാണ് ഫുള്ളി ബയോകെമിസ്ട്രി അനലൈസർ കുടുംബാരോഗ്യ കേന്ദ്രത്തിന് നൽകിയത്.
കാനറ ബാങ്കിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും13,50,000 രൂപ ഉപയോഗിച്ചാണ് ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള ലിഫ്റ്റിന്റെനിർമാണം. ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് പുതിയതായി വാങ്ങിയിട്ടുള്ള ആധുനിക ഉപകരണങ്ങളായ റോബോട്ടിക് ഹാൻഡ് മെഷിൻ മുതലായവ മന്ത്രി നാടിന് സമർപ്പിച്ചു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 60 വയസിനു മുകളിൽ പ്രായമുള്ള ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ വയോജനങ്ങൾക്കും പ്ലാസ്റ്റിക് പ്രിന്റഡ് ഇ-ഹെൽത്ത് പെർമെനന്റ് കാർഡിന്റെ വിതരനോദ്ഘാടനവും ചടങ്ങിൽ നടന്നു.

Author