കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃക

വീട്-തൊഴിലിടം എന്ന സാധ്യതയെ പ്രയോജനപ്പെടുത്തണം: മന്ത്രി പി.രാജീവ്

എറണാകുളം: കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയാണെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍ വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് – അവസരങ്ങളും സാധ്യതകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയുടെ സാധ്യതകള്‍ ഉത്പാദന മേഖലയുമായി ബന്ധപ്പെടുത്താന്‍ സാധിക്കണം. വിദ്യാഭ്യാസ, ആരോഗ്യ സൂചകങ്ങളില്‍ ലോകത്തിലെ വികസിത രാജ്യങ്ങളുമായി കിടപിടിക്കാവുന്ന മികവ് സ്വായത്തമാക്കാനായി എന്നത് കേരള മാതൃകയുടെ സവിശേഷതയാണ്. അളവിനൊപ്പം ഗുണത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാകണം. നേട്ടം കൈവരിക്കുന്ന ഘട്ടത്തിലും പ്രാഥമിക, ദ്വിതീയ മേഖലകളില്‍ ഉത്പാദന വളര്‍ച്ച നേടാനാകുന്നില്ലെന്നതു പരിമിതിയാണ്. ഈ ദൗര്‍ബല്യം പരിഹരിച്ചാല്‍ മാത്രമേ നേട്ടം നിലനിര്‍ത്താനാകൂ. ഇതിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്‍വയണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സിലാണു സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങള്‍ക്കാണു കൂടുതല്‍ സാധ്യത. 12,300 എം.എസ്.എം.ഇ കള്‍ 9 മാസം കൊണ്ട് സംസ്ഥാനത്തു രൂപീകരിച്ചിട്ടുണ്ട്. കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴിക്കായി 10 മാസം കൊണ്ട് രണ്ടായിരത്തിലേറെ ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.

വിവര സാങ്കേതിക വിദ്യയിലും ഇലക്‌ട്രോണിക്‌സ് മേഖലയിലും കേരളം എക്കാലത്തും മുന്നിലാണ്. ഉത്പാദന മേഖലയിലും കേരള ബ്രാന്‍ഡ് ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. വിപണനത്തിനായി ഇ-കൊമേഴ്‌സ് മേഖലയെ ശക്തിപ്പെടുത്തണം. മെയ്ഡ് ഇന്‍ കേരള ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു മികച്ച ആശയമാണ്. സ്റ്റാര്‍ട്ടപ്പുകളുടെ രൂപീകരണം സഹകരണ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാനും ഉത്പാദന വര്‍ധനയ്ക്കും സഹായിക്കും.

കേരളത്തിന്റെ ഭാവി വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണുള്ളത്. വീട്-തൊഴിലിടം എന്ന സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തണം. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ ഏറെയുള്ള നാടാണ് കേരളം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള വീട്ടമ്മമാര്‍ അവരുടെ കഴിവുകള്‍ പുറത്തെടുക്കുകയും വീട് തൊഴിലിടമാക്കി മാറ്റുകയും വേണം. വര്‍ക്ക് ഫ്രം പോലുള്ള സംവിധാനം വഴി അവര്‍ക്കും ഈ ഉന്നതിയില്‍ പങ്കാളികളാകാമെന്നും മന്ത്രി പറഞ്ഞു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബേബി ബാലകൃഷ്ണന്‍ പ്രബന്ധാവതരണം നടത്തി. ചടങ്ങില്‍ ചിത്രകാരന്‍ വിനോദ് ഡിവൈന്‍ ചെറായി വരച്ചുനല്‍കിയ മന്ത്രി പി.രാജീവിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.

Leave Comment