സ്ത്രീകള്‍ പൊതുരംഗത്തേക്കെത്തുന്നതിനും പൊതുപ്രവര്‍ത്തനം നടത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തുന്ന പുരുഷാധിപത്യം ഇന്നുമുണ്ടെന്നും ഇതു ഭരണഘടനയുടേയും സ്ത്രീ സംരക്ഷണത്തിനുള്ള നിയമങ്ങളുടേയും ലംഘനമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പാര്‍ശ്വവത്കരണത്തെ അവഗണിക്കുന്ന നിശബ്ദത വേദനാജനകമാണെന്നു ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയില്‍ സ്ത്രീക്കും പുരുഷനും തുല്യ പരിഗണനയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ സ്വഭാവമാണത്. രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്കും തുല്യ പങ്കാളിത്തം നല്‍കാന്‍ സഹായിക്കുന്നതാണിത്.പുരുഷന്‍ സ്ത്രീകളോട് ആജ്ഞാപിക്കുന്ന രീതിക്കു മാറ്റം വരണം. പുരുഷന്‍മാര്‍ക്കു ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച രീതിയില്‍ സ്ത്രീകള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളുണ്ട്. സ്ത്രീകളുടെ ഉന്നമനം എന്ന ലക്ഷ്യത്തിനപ്പുറം സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന ലക്ഷ്യത്തിലേക്കു രാജ്യം നീങ്ങണമെന്നും ഗവര്‍ണര്‍ പറഞ്ഞു.