പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങള്‍ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ ആദ്യ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് സര്‍ക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിനുണ്ടായ മാറ്റങ്ങള്‍ ആരും സമ്മതിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രവും സര്‍വതല സ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്നു പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയാണു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അക്കാര്യം അതേരീതിയില്‍ നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായിവന്നു. ഓഖി, പ്രളയം, നിപ, കാലവര്‍ഷക്കെടുതികള്‍, കോവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച നാളുകളായിരുന്നു കഴിഞ്ഞ ആറു വര്‍ഷം. പ്രതിസന്ധികള്‍ ഒന്നിനുപുറകേ ഒന്നായി വന്നപ്പോള്‍ തലയില്‍ കൈവച്ചു നിലവിളിച്ചിരിക്കുകയല്ല കേരളം ചെയ്തത്. ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടത്. ഈ വന്‍ പ്രതിസന്ധിയിലും കേരളം കാണിച്ച ഒരുമ. പ്രതിസന്ധികളെ അതിജീവിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ താത്പര്യത്തോടെയാണു ലോകം നോക്കിക്കണ്ടത്.
പുതുവൈപ്പ് എല്‍പിജി ടെര്‍മനിനല്‍ ഈ വര്‍ഷം ഡിസംബറില്‍ കമ്മിഷന്‍ ചെയ്യും. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറവരെയുള്ള കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തിയാക്കും. വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എട്ടു ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ച് ഒരു വര്‍ഷത്തിനകം 10 ബോട്ടുകള്‍ സര്‍വീസ് ആരംഭക്കും. കടലാക്രമണം രൂക്ഷ ചെല്ലാനത്ത് 346 കോടി ചെലവില്‍ കടല്‍ഭിത്തി നിര്‍മാണം ഒരു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും. സംസ്ഥാനത്തു പുതുതായി 1510 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റുകള്‍ സ്ഥാപിക്കും. ഇ-ഹെല്‍ത്ത് പദ്ധതി 170 ആശുപത്രികളില്‍ക്കൂടി വ്യാപിപ്പിക്കും. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും ആരംഭിക്കും. രവിവര്‍മ ആര്‍ട്ട് ഗ്യാലറിയുടെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.ഉന്നത വിദ്യാഭ്യാസ മേഖയലില്‍ വലിയ ഇടപെടല്‍ നടത്തും. എല്ലാ സ്ഥാപനങ്ങളും കാലാനുസൃത മാറ്റം കണ്ടുവരും. പശ്ചാത്തല സൗകര്യവും അക്കാദമിക മികവും സാധ്യമാക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷം സര്‍വകലാശാലകളുമായി ബന്ധിപ്പിച്ച് 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ തുറക്കും. ഇതില്‍ 250 എണ്ണം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും. 500 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കും. ഈ വര്‍ഷം 150 എണ്ണം നല്‍കുകമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 77 പേര്‍ക്കു നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തു ജനകീയ ബദലിന്റെ ആറു വര്‍ഷമാണു പൂര്‍ത്തിയാകുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. എന്തു പ്രതിസന്ധിയുണ്ടായാലും ജനങ്ങള്‍ക്കു നെഞ്ചില്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന മിത്രമായാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, കെ.എന്‍. ബാലഗോപാല്‍, വീണാ ജോര്‍ജ്, പി. രാജീവ്, എ.എ. റഹീം എംപി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, കെ. ആന്‍സലന്‍, വി. ജോയി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുഭരണ വകുപ്പ് – ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.