സാമ്പത്തിക തന്ത്രം മാറുമോ ? ഡോ.മാത്യു ജോയിസ് , ലാസ് വേഗാസ്

Spread the love

ഈയടുത്ത കാലത്ത് കാനഡയിൽ കോവിഡ് വാക്സിനേഷൻ നിര്ബന്ധമാക്കിയതിന് എതിരെ നടന്ന ട്രക്ക് ഡ്രൈവറന്മാരുടെ സമരം ഗവൺമെൻറ് എങ്ങനെയാണ് ഒതുക്കി തീർത്തത് ?

മൂന്ന് ദിവസത്തെ ഓപ്പറേഷനിൽ, ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒട്ടാവ പോലീസ് കുരുമുളക് സ്പ്രേയും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിക്കേണ്ടി വന്നു, 70-ലധികം വാഹനങ്ങൾ റ്റോ ചെയ്തു കൊണ്ടുപോയി, 191 പേരെ അറസ്റ്റ് ചെയ്തു, അവരിൽ 103 പേർക്കെതിരെ മൊത്തം 389 കുറ്റങ്ങൾ ചുമത്തി. പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിൽ മൂന്ന് പേർ അറസ്റ്റിലാവുകയും കുറ്റങ്ങൾ ചുമത്തുകയും ചെയ്തു, അവരിൽ രണ്ട് പേർ ഇപ്പോൾ ജാമ്യത്തിലാണ്.

പ്രതിഷേധവുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന 206 ബാങ്ക്, കോർപ്പറേറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഫെഡറൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ‌സി‌എം‌പി) ഉത്തരവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ സമ്പാദ്യങ്ങൾ കണ്ടുകെട്ടിയത്. 253 ബിറ്റ്കോയിൻ വിലാസങ്ങൾ ഫ്ലാഗ് ചെയ്യുകയും അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ തടഞ്ഞുകൊണ്ട്, പ്രാദേശിക ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ വിലക്കുകയും ചെയ്തു. ഇതൊരു അസാധാരണ ചരിത്ര സംഭവമെന്ന് തോന്നാമെങ്കിലും, ഈ തന്ത്രം പുതിയ നയമായി രൂപപ്പെടാൻ സാദ്ധ്യതകൾ ഏറെ.

ഇതോടനുബന്ധിച്ച്, യാതൊരു ബന്ധമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും കാര്യം നിസ്സാരമല്ല, സീരിയസ് ആണോ എന്ന് ചോദിച്ചാൽ ഇപ്പോൾ അല്ലന്ന്‌ പറയാം. എങ്കിലും ഇനി പറയുന്ന കാര്യങ്ങൾ ഒരു പക്ഷേ നമ്മുടെ സാമ്പത്തിക ചിന്തകളെ മാറ്റിമറിച്ചേക്കാം.

2022 മാർച്ച് 9-ന്, പ്രസിഡന്റ് ജോസഫ് ബൈഡൻ “എക്സിക്യൂട്ടീവ് ഓർഡർ 14067” എന്നൊരു പ്രത്യേക ഓർഡർ പുറപ്പെടുവിച്ചു, എന്നൊരു വാർത്തയ്ക്ക് അത്ര പ്രാധാന്യമൊന്നും മാധ്യമങ്ങൾ കൊടുത്തില്ലെന്നു തോന്നുന്നു? ആയ ഓർഡർപ്രകാരം അന്താരാഷ്ട്ര നിയമ നിർവ്വഹണ സഹകരണം എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ, നീതിന്യായ വകുപ്പിനെ (സ്റ്റേറ്റ്, ട്രഷറി,) ചുമതലപ്പെടുത്തി.

ബൈഡന്റെ എക്സിക്യൂട്ടീവ് ഓർഡർ 14067-ലെ സെക്ഷൻ 4-ന് നന്ദി, ഡിജിറ്റൽ ഡോളർ വികസിപ്പിക്കുന്നതിനുള്ള അടിയന്തിര ഗവേഷണത്തിന് ഉത്തരവിടുന്ന ഘടകങ്ങൾ ആ ഓർഡറിൽ ഉൾപ്പെടുത്തയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

എന്റെ ചിന്തകൾ ശരിയോ എന്നറിയില്ല, നേരിയ ഒരു ഭാവന എന്നും കരുതിയാലും തെറ്റില്ല, ഇത് ഒരു പുതിയ ഡിജിറ്റൈസ്ഡ് പതിപ്പ് ഉപയോഗിച്ച് ക്യാഷ് ഡോളറിനെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഒരു പരീക്ഷണമായിരിക്കുമോ?

ചരിത്രസത്യങ്ങൾ പ്രകാരം, 1792 മുതൽ ലോകത്തിന്റെ സാമ്പത്തിക നിലവാരത്തിന്റെ അടിത്തറ യുഎസ് ഡോളർ മാത്രമായിരുന്നു. അതും തത്തുല്യ മൂല്യമുള്ള സ്വർണ്ണം ഖജനാവിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു അന്ന് ഡോളര് ഇറക്കിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, യുഎസിന്റെ കൈവശം ലോകത്തിലെ നാണയ സ്വർണ്ണത്തിന്റെ 75% ഉണ്ടായിരുന്നു, സ്വർണ്ണം നേരിട്ട് പിന്തുണയ്ക്കുന്ന ഒരേയൊരു കറൻസി ഡോളറായിരുന്നു.

ഔദ്യോഗികമായി, 1971-ൽ യു.എസ് സ്വർണ്ണ നിലവാരം ഉപേക്ഷിച്ചു. എന്നിരുന്നാലും, 1879-നും 1933-നും ഇടയിൽ മാത്രമാണ് ഇത് യഥാർത്ഥ സ്വർണ്ണ നിലവാരത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഒന്നുമില്ല യഥേഷ്ടം അടിച്ചു വിടുന്ന പേപ്പർ കറൻസിയായ ഡോളറിന്റെ അംഗീകാരം ലോകത്തു. നഷ്ടപ്പെട്ടിരിക്കുകയുമാണല്ലോ.ചൈനയും റഷ്യയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾക്കായി പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളും ഏതാണ്ട് 90% സെൻട്രൽ ബാങ്കുകളും ഇപ്പോൾ ഒരു ഡിജിറ്റൽ കറൻസി പരീക്ഷിക്കുകയോ പര്യവേക്ഷണം ചെയ്യുകയോ ചെയ്യുന്നുണ്ട്.

ഇങ്ങനെയിരിക്കുമ്പോൾ അമേരിക്കയും ഒരു പുതിയ കറൻസി, ഡിജിറ്റൽ ഡോളർ, ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുവാൻ തീരുമാനിച്ചാൽ അത്ഭുതപ്പെടാനില്ല. ഇന്ത്യയിൽ മോഡിജി ഒറ്റരാത്രി കൊണ്ട് ഡീമോണിറ്റയിസേഷൻ നടത്തി പുതിയ കറൻസികൾ നടപ്പിലാക്കിയത് ഇന്നും ഒരു ശാപമായി തുടരുന്നു. സുഹൃത്തേ, ഈ പുതിയ കറൻസി എല്ലാ അമേരിക്കൻ പൗരന്മാരുടെയും പൂർണ്ണ നിയന്ത്രണം പരോക്ഷമായി ഏറ്റെടുക്കുന്നതിന് തുല്യമായിരിക്കും. കാരണം എല്ലാ “ഡിജിറ്റൽ ഡോളറും” സർക്കാർ പ്രോഗ്രാം ചെയ്യാവുന്ന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ആയിരിക്കും പ്രചാരത്തിൽ വരിക.

ഈ പുതിയ ഇലക്ട്രോണിക് കറൻസികളെ സിബിഡിസികൾ – അല്ലെങ്കിൽ “സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ” എന്ന് വിളിക്കുന്നു. ഇത് നിങ്ങളുടെ പണം! പക്ഷേ ഓൺലൈൻ ബാങ്കിങ് ഇടപാട് പോലെയല്ല ഇതിന്റെ ഇടപാടുകൾ.

ഓരോ ഡിജിറ്റൽ ഡോളറും ബിറ്റ്കോയിൻ അല്ലെങ്കിൽ മറ്റ് ക്രിപ്റ്റോ കറൻസികൾ പോലെ ഒരു പ്രോഗ്രാമബിൾ ടോക്കൺ ആയിരിക്കും. പക്ഷേ വലിയ വ്യത്യാസമുണ്ട്. ക്രിപ്‌റ്റോകറൻസികൾ വികേന്ദ്രീകൃത ഡിജിറ്റൽ കറൻസികളാണ്.

നമ്മളുടെ പക്കലുള്ള ക്യാഷ് കറൻസിക്ക് പകരം പുതിയതും പ്രോഗ്രാം ചെയ്യാവുന്നതുമായ ഡിജിറ്റൽ ടോക്കണുകൾ നൽകും.

ഈ പുതിയ ഡിജിറ്റൽ ഡോളര് നിലവിലുള്ള ലോകം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക.

ഇപ്പോഴത്തെ കാർ മാറ്റി പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?. ചിലപ്പോൾ പറ്റിയെന്ന് വരില്ല. വാക്സിനേഷൻ എടുക്കാൻ അവർക്ക് നിങ്ങളെ നിർബന്ധിക്കാം. അവർക്ക് നിങ്ങളെ സോളാറിലേക്ക് മാറാൻ നിർബന്ധിക്കാൻ കഴിയും. പലതും വാങ്ങിക്കാൻ സാധിക്കില്ല, നേരെ മറിച്ച് വ്യാജവും സസ്യാധിഷ്ഠിതവുമായ ആഹാരം കഴിക്കാൻ അവർക്ക് നിങ്ങളെ പ്രേരിപ്പിക്കാം. നിങ്ങൾക്ക് എവിടെയാണ് യാത്ര ചെയ്യാൻ അനുമതിയുള്ളതെന്ന് അവർക്ക് നിയന്ത്രിക്കാനാകും. തോക്കുകൾ, വെടിയുണ്ടകൾ പോലുള്ള ചില ഇനങ്ങൾ വാങ്ങുന്നത് അവർക്ക് നിങ്ങളെ തടയാനാകും. ഏതൊക്കെ സ്ഥാനാർത്ഥികൾക്കാണ് നിങ്ങളൾക്ക് സംഭാവന ചെയ്യാൻ അനുവദിക്കുന്നതെന്ന് അവർക്ക് നിയന്ത്രിക്കാനാകും. ചുരുക്കത്തിൽ നിങ്ങൾ പണം ചെലവഴിക്കുന്ന ഓരോ സ്ഥലവും അവർക്കറിയാം.

എന്നാൽ അത് ചൈനയാണ്., അടിച്ചമർത്തൽ ഉള്ള കമ്മ്യൂണിസ്റ്റ് രാജ്യത്തെ അതൊക്കെ നടക്കൂ. ജനാധിപത്യത്തിൽ ഇത് ശരിക്കും സംഭവിക്കുമോ? എന്നൊക്കെ നമുക്ക് സംശയം ഉണ്ടായേക്കാം. ഇതിന്റെ മറ്റൊരു പതിപ്പല്ലേ നാം ചർച്ച ചെയ്തു തുടങ്ങിയത്.

കാനഡയിലെ ട്രക്കർമാരോട് ചോദിച്ചാൽ മതി. കാരണം അവർക്ക് സംഭവിച്ചത് അതാണ്. നിർബന്ധിത വാക്സിനേഷൻ നിയമത്തിനെതിരെ സമാധാനപരമായ ട്രക്കർ പ്രതിഷേധത്തിനിടെ അവരുടെ പ്രധാനമന്ത്രി ട്രൂഡോയ്ക്ക് “പ്രത്യേക അടിയന്തര അധികാരങ്ങൾ” അനുവദിച്ചു. തുടർന്ന് പ്രതിഷേധക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ എല്ലാ ബാങ്കുകളോടും അദ്ദേഹം ഉത്തരവിട്ടു. അതൊരു ഭീഷണി മാത്രമായിരുന്നില്ല. ഒപ്പം അവരെ ഏതെങ്കിലും വിധത്തിൽ സഹായിച്ചവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സമരക്കാർ തലസ്ഥാന നഗരി വിട്ടോടിയതിന്റെ പിന്നാമ്പുറങ്ങളിൽ പ്രയോഗിച്ച സാമ്പത്തിക ഉപരോധ തന്ത്രം ചെറിയ ഒരു ക്യാപ്സൂൾ മാത്രം.

ചൈനയും ഉത്തരകൊറിയയും പോലെ അമേരിക്കയും ഒരു നിരീക്ഷണ രാഷ്ട്രമായി മാറുമെന്ന് സങ്കല്പിച്ചു പോവുകയാണ്. കാരണം നിങ്ങളുടെ സാമ്പത്തികം നിയന്ത്രിക്കാൻ സാധിച്ചാൽ, അവർക്ക് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കാൻ കഴിയും. വാസ്തവത്തിൽ, അവർ ചൈനയിലെ പോലെ ഒരു “സോഷ്യൽ ക്രെഡിറ്റ് റേറ്റിംഗ്” നടപ്പിലാക്കുന്ന വ്യവസ്ഥയിലേക്കു മാറ്റപ്പെടാം.

“അമേരിക്കാ ഒരു ഡിജിറ്റൽ ഡോളർ നടപ്പിലാക്കുമോ?” എന്ന ചോദ്യമുണ്ടെങ്കിൽ, അത് “എപ്പോൾ ” എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പൊതുവേ അമേരിക്ക മറ്റു രാജ്യങ്ങളിലെ പരിഷ്‌കാരങ്ങൾ എത്ര നല്ലതായാലും കോപ്പിയടിക്കില്ല എന്നാണ് നമ്മുടെ ധാരണ, പ്രത്യേകിച്ചും സോഷ്യലിസ്റ്റ്‌ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രത്യയ ശാസ്ത്രങ്ങൾ നമുക്ക് അലെർജിയാണല്ലൊ!

പിന്നെ അതിനുള്ള ഉത്തരം., പ്രോജക്റ്റ് ഹാമിൽട്ടൺ, പ്രോജക്റ്റ് ലിഥിയം തുടങ്ങിയ പരിപാടികൾ എത്രപേർ കേട്ടിട്ടുണ്ടാവും? ഈ പദ്ധതികളുടെ കീഴിൽ, പുതിയ “സ്പൈവെയർ” കറൻസി വർഷങ്ങളോളം നിശബ്ദമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്ന് പറയപ്പെടുന്നു. എന്റെ സംശയം നിങ്ങളോട് പങ്കു വെച്ചുവെന്ന് മാത്രം.

പുതിയ പേടിപ്പിക്കുന്ന വാർത്തകൾ കേട്ടാൽ ഇതുപോലെ ഇനിയും കാണാം !

 

 

 


Dr.Mathew Joys

Author