ഫിലാഡല്‍ഫിയ: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണല്ലോ. കൂട്ടത്തില്‍ വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും അല്പം ബൈബിള്‍ വിജ്ഞാനവും കൂടിയായാലെന്താ. ഇതാ അതിനുള്ള സുവര്‍ണാവസരം.
ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ ആണ് പ്രീ കെ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സ്കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 15 മുതല്‍ 19 വരെ ഒരാഴ്ച്ചനീണ്ടുനില്‍ക്കുന്ന അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി (വെക്കേഷന് ബൈബിള്‍ സ്കൂള്‍) നടത്തുന്നത്. തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് ക്ലാസ് സമയം. ദേവാലയത്തിന്റെ താഴത്തെനിലയിലുള്ള മതബോധനസ്കൂള്‍ ക്ലാസ്മുറികളും, അനുബന്ധ ഹാളുകളുമാണ് കുട്ടികളുടെ നേരിട്ടുള്ള പഠനപരിശീലനത്തിനുപയോഗിക്കുന്നത്.
MONUMENTAL – Celebrating God’s Greatness എന്നതാണ് ഈ വര്‍ഷത്തെ തീം. ക്ലാസ് റൂം പഠനത്തിനു പുറമെ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്കിറ്റ്, പവര്‍ പോയിന്റ്, ആര്ട്ട്വര്ക്ക്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആന്റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ച് ബൈബിള്‍ അതര്ഹിക്കുന്നരീതിയില് കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുക എന്ന ലക്ഷ്യത്തിലൂടെ ബൈബിള്‍ സങ്കല്പ്പങ്ങള്ക്കനുസൃതമായി യുവജനങ്ങളുടെ ഭാവന ചിറകുവിടര്‍ത്തുന്ന അനുഭൂതിയായിരിക്കും കുട്ടികള്‍ക്ക് ലഭിക്കുക.
ഗ്രേഡ് ലെവല്‍ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായിട്ടാണ് പഠനപരിശീലനപരിപാടി ക്രമീകരിച്ചിരിക്കുന്നത്.ടീ ഷര്‍ട്ട്, പഠനസഹായകിറ്റ്, ഭക്ഷണപാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെ അഞ്ചുദിവസത്തെ വി. ബി. എസ്. പ്രോഗ്രാമിന് ഒരു കുട്ടിക്ക് 40 ഡോളര്‍, രണ്ടു കുട്ടികള്‍ക്ക് 75, മൂന്നുപേര്‍ക്ക് 100, നാലുപേര്‍ക്ക് 120 എന്നീ ക്രമത്തിലാണ് ഫീസ് നിരക്ക്. ജൂലൈ 15 ആണ് ഓണ്ലൈന്രജിസ്ട്രേഷനുള്ള അവസാനതിയതി. സീറോമലബാര്‍ ദേവാലയ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫീസ് ഓണ്‍ലൈന്‍ ആയോ, ചെക്കായോ, പണമായോ ഓഫീസില്‍ അടക്കാം.
ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, കൈക്കാരന്മാര്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യൂത്ത്ലീഡേഴ്സായ കാതറീന് സിമെന്തി, ബ്രിയാന കൊച്ചുമുട്ടം, അലിസാ സിജി എന്നിവരാണൂ ഈ വര്‍ഷത്തെ വി. ബി. എസ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. ആഗസ്റ്റ് 15 തിങ്കളാഴ്ച്ച ഉത്ഘാടനം ചെയ്യപ്പെടുന്ന വെക്കേഷന് ബൈബിള്‍ സ്കൂള്‍ പ്രോഗ്രാമിന് സഹായിക്കാനായി ഹൈസ്കൂള്‍ വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവര് ദേവാലയ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുക. കുട്ടികളുടെ സുരക്ഷയെ കരുതി വോളന്റിയേഴ്സ് ആയി സേവനമനുഷ്ടിക്കുന്നവര് വാക്സിന് സ്വീകരിച്ചവരും, സദാസമയവും മുഖാവരണം ധരിക്കാന്‍ സന്നദ്ധതയുള്ളവുരുമായിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വെബ്സൈറ്റ്: www.syromalabarphila.org/vbs2022/
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക ടോം പാറ്റാനിയില്‍ (സെക്രട്ടറി) 267 456 7850