കടം വാങ്ങിയ പണം കളഞ്ഞ് കിട്ടുമ്പോള്‍ തിരികെ നല്‍കുമെന്ന് പറയുന്നത് പോലെയാണ് ബമ്പറടിച്ചാല്‍ ശമ്പളം തരാമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയെന്നും ഇത് കടുത്ത തൊഴിലാളിവിരുദ്ധ നിലപാടാണെന്നും മുന്‍ എംഎല്‍എയും കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി. വെള്ളയമ്പലത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ 16-ാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കു ആയിരുന്നു അദ്ദേഹം.
തൊഴിലാളികളെ പരസ്യമായി അധിക്ഷേപിച്ച ഗതാഗതവകുപ്പ് മന്ത്രി സംസ്ഥാനത്തിന് അപമാനമാണ്.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ധനകാര്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മന്ത്രി തൊഴിലാളികളെ പരിഹസിച്ചത്. അധികാരത്തിലെത്തിയ അന്ന് മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജോലി ചെയ്ത ശമ്പളത്തിനായി പട്ടിണിക്കഞ്ഞി സമരം നടത്തേണ്ട ഗതികേടാണ് തൊഴിലാളികള്‍ക്ക്. പൊതുജനമധ്യത്തില്‍ ജീവനക്കാരെ തുടര്‍ച്ചയായി അവഹേളിക്കുകയാണ് സര്‍ക്കാര്‍. ട്രേഡ് യൂണിന്‍ രംഗത്തും സര്‍വീസ് സഹകരണ രംഗത്തും ഇന്ത്യക്ക് മാതൃകയാണ് കേരള സംസ്ഥാനം. അവിടെയാണ് തൊഴിലാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലപാട് മന്ത്രിമാരും സര്‍ക്കാരും സ്വീകരിക്കുന്നത്. മോദിയുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിലും പ്രതിഫലിക്കുന്നത്.
മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയ ഉടന്‍ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍ നടപ്പാക്കുമായിരുന്നു.അതേസമയം 2019 ജൂലൈ 1 ന് ശമ്പള പരിഷ്‌ക്കരണ കാലാവധി അവസാനിച്ചു. ഇന്നേക്ക് മൂന്ന് വര്‍ഷമായി വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സമരത്തിലാണ്. ജീവനക്കാരുടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരുന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അതിത് കുമാര്‍ അധ്യക്ഷത വഹിച്ചു.സി.പി ശിവദാസന്‍ സ്വാഗതം പറഞ്ഞു. സി.ബിജു,വിതുര ശശി, മണ്ണാംമൂല രാജന്‍,ഉള്ളൂര്‍ മുരളി,വി.രാഗേഷ്, വി.സന്ധ്യ,വി.വിനോദ്,പിആര്‍ ജോണ്‍,ബിഎസ് ഷാജി,റിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.