എംഎം മണി ജനാധിപത്യ കേരളത്തിന് തീരാകളങ്കം : യുഡിഎഫ് കണ്‍വനീര്‍ എംഎം ഹസ്സന്‍

വടകര എംഎല്‍എ കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ മനുഷ്യത്വരഹിതവും സംസ്‌കാര ശൂന്യവുമായ പദപ്രയോഗത്തിലൂടെ നിയമസഭയ്ക്കും ജനാധിപത്യ കേരളത്തിനും തീരാകളങ്കമാണ് വരുത്തിയിരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

എംഎം മണിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് 51 വെട്ട് വെട്ടിക്കൊല ചെയ്യപ്പെട്ട ടിപി ചന്ദ്രശേഖരന്‍ കുലംകുത്തിയും അദ്ദേഹത്തിന്റെ ഭാര്യ കെകെ രമ പേടി സ്വപ്‌നവുമാണ്. ടിപി ചന്ദ്ര ശേഖരന്റെ രക്തസാക്ഷിത്വത്തിന് വടകരയിലെ ജനങ്ങള്‍ നല്‍കിയ ആദരവും അംഗീകാരവും പിണറായി വിജയന്റെ ക്രൂരതയ്ക്ക്

ജനം നല്‍കിയ താക്കീതുമാണ് കെകെ രമയുടെ എംഎല്‍എ സ്ഥാനം. എംഎം മണിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. അതേസമയം അത്തരമൊരു നികൃഷ്ടമായ സ്ത്രീവിരുദ്ധ പ്രസ്താവനയെ നിയമസഭാ സ്പീക്കര്‍ ന്യായീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ നിസാഹായവസ്ഥയും സഭയില്‍ സ്പീക്കര്‍ മുഖ്യമന്ത്രിയെ ഭയപ്പെട്ട് വിറക്കുന്ന കാഴ്ചയുമാണ് ജനം കണ്ടത്. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും നിയമസഭയിലെ കെകെ രമയുടെ സാന്നിധ്യവും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും ഇനിയും വേട്ടയാടിക്കൊണ്ടിരിക്കും. രമയ്ക്ക് സഭയിലും ജനമധ്യത്തിലും സംരക്ഷണവും എല്ലാ സഹായവും യുഡിഎഫ് ഒരുക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

Leave Comment