ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്ച മുതല്‍ : മന്ത്രി വീണാ ജോര്‍ജ്

Spread the love

മന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇ ഓഫീസിന്റെ ട്രയല്‍ റണ്‍ തുടങ്ങിയിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച് അടുത്തയാഴ്ചയോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കും. പഞ്ചിംഗിനായി ഭൂരിപക്ഷം ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂര്‍ണമായും ഇ ഓഫീസ് സംവിധാനത്തില്‍ കൊണ്ടുവരും. ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ ഇ ഓഫീസ് സജ്ജമാക്കി വരുന്നു. ഇവിടങ്ങളില്‍ ഇ ഓഫീസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും പരിശീലനം പൂര്‍ത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇതോടൊപ്പം ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ പുരോഗതിയും വിലയിരുത്തി. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫയലുകളുമാണ് ഇവിടെ തീര്‍പ്പാക്കുന്നത്. പലതും അവര്‍ക്ക് ആശ്വാസമാകാനുള്ളതാണ്. അനാവശ്യമായി ഫയലുകള്‍ വച്ച് താമസിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഓണ്‍ലൈനിലേക്ക് ചുവടുമാറുമ്പോള്‍ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമാകും. അതിവേഗം ഫയലുകള്‍ കൈമാറാനും തീര്‍പ്പാക്കാനും ഫയലുകളുടെ സ്റ്റാറ്റസറിയാനും അനാവശ്യമായി ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും സാധിക്കുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ സഹായം ലഭ്യമാകുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author