ഫിലാഡൽഫിയയിൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ‘ഹീറ്റ് ഹെൽത്ത് എമർജൻസി’ പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ ഏറ്റവും അപകടകരമായ തീവ്രമായ താപനില 23 ന് ശനിയാഴ്ചയായിരുന്നു. അന്നായിരുന്നു മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ) പിക്നിക്ക് . സംഹാര താണ്ഡവമാടിയ കോവിഡിന്റെ പിടിയിൽ അകപ്പെടാതെ ഭയത്തോട് അകലം പാലിച്ചു കഴിഞ്ഞിരുന്ന നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും തമ്മിൽ കാണുവാനും സുഹൃത് ബന്ധങ്ങൾ പുനഃസ്ഥാപിക്കുവാനും ഒത്തുകൂടുവാനും ലഭിച്ച ഈ സന്തോഷ ദിവസം വന്നപ്പോൾ ഉള്ളിൽ അതിലും ഭയം. ചുട്ടുപൊള്ളുന്ന പൊരി വെയിലത്ത് പിക്നിക്കിന് നമ്മൾ കുറേപ്പേരല്ലാതെ ആരെങ്കിലും വരുമോ എന്ന സംഘാടകരുടെ ഇടയിൽ ഉടലെടുത്ത ചോദ്യവും സംശയവും ഷോപ്പിംഗിനിടയിൽ പിക്നിക്ക് കോർഡിനേറ്ററായ ജോൺസൺ മാത്യുവിന്റെ ചെവിയിലെത്തി. കഴിഞ്ഞ 29 ൽ പരം വർഷങ്ങളായി മാപ്പിനെയും മാപ്പ് കുടുംബത്തെയും സ്വന്തംപോലെ അടുത്തറിയാവുന്ന ജോൺസന്റെ ഉത്തരം പെട്ടന്നായിരുന്നു … “ഇത് ഫിലാഡൽഫിയാ മലയാളികൾ സ്നേഹിക്കുന്ന മാപ്പിന്റെ പിക്നിക്ക് ആണ്. വെയിൽ ആയാലും മഴ ആയാലും മാപ്പ് ഒരു പ്രോഗ്രാം നടത്തി ഇന്നുവരെ പൊളിഞ്ഞിട്ടില്ല. ഏതു സാഹര്യം ആണെങ്കിലും നമ്മുടെ ആളുകൾ അവിടെ എത്തും . അല്ലെങ്കിൽ കുറച്ചു ഫുഡ്ഡ് അധികം വരും എന്നല്ലേയുള്ളു, ഒന്നിനും ഒരു കുറവും വരുത്തുന്നില്ലl”.
അങ്ങനെ താപനില കൂടിയ ശനിയാഴ്ച ദിവസം വന്നെത്തി. പാചകത്തിൽ സ്വയസിദ്ധമായ കൈപുണ്യമുള്ള ജോൺസന്റെ മേൽനോട്ടത്തിൽ മാപ്പ് ബിൽഡിങ്ങിൽ തലേദിവസം മാരനെറ്റ് ചെയ്തു തയ്യാറാക്കി വച്ച ഭക്ഷണ സാധനങ്ങളും സാമഗ്രികളുമായി പിക്നിക്ക് ഫുഡ് കോർഡിനേറ്റർമാരായ ലിബിൻ പുന്നശ്ശേരി, സ്റ്റാൻലി ജോൺ, സജു വർഗീസ് എന്നവരുടെ നേതൃത്വത്തിൽ നേരത്തെ ബുക്ക് ചെയ്ത സൗത്താംപ്റ്റണിലുള്ള റ്റാമെനന്റ് പാർക്കിലേ മൂന്നാം നമ്പർ പവലിയനിലെത്തിയപ്പോൾ പ്രസിഡന്റ് തോമസ് ചാണ്ടി, സെക്രട്ടറിയും പിക്നിക്ക് കോർഡിനേറ്ററുമായ ജോൺസൺ മാത്യു, ട്രഷറാർ കൊച്ചുമോൻ വയലത്ത് എന്നിവരുടെ നേതൃത്വത്തിൽ ചൂടിനെ ചെറുക്കുവാനുള്ള ഫാനുകളും കൂളറുകളും എല്ലാം സജ്ജമാക്കിക്കഴിഞ്ഞിരുന്നു. മാപ്പിന്റെ സീനിയർ മെമ്പർ എൺപത്തിമൂന്നുകാരനായ എല്ലാവരുടെയും പ്രിയപ്പെട്ട കുഞ്ഞച്ചായൻ (ഫിലിപ് ജോൺ) ഉൾപ്പെടെ പ്രതീക്ഷിച്ചതിലുമധികം ആളുകൾ തുടക്കത്തിലേ എത്തിക്കഴിഞ്ഞു . പിക്നിക്ക് വിജയമാവും എന്നുറപ്പിച്ചു ആഹ്ലാദ നിമിഷങ്ങളോട് പരിപാടികൾ ആരംഭിച്ചു.
ആർട്ട്സ് ചെയർമാൻ തോമസുകുട്ടി വർഗീസ് നയിച്ച പ്രാർത്ഥനയോടുകൂടിയായിരുന്നു പരിപാടികൾ ഐശ്യര്യമായ് ആരംഭിച്ചത്. തത്സമയം ചുട്ടുകൊടുക്കുന്ന നാടൻ ദോശ, ചട്നി, സാമ്പാർ, ഓംലെറ്റ്, ബുൾസൈ എന്നിവയായിരുന്നു പ്രഭാത ഭക്ഷണമായി ക്രമീകരിച്ചിരുന്നത്. കേരളത്തിലെ നാടൻ തട്ടുകടയിൽ നിന്നും കഴിക്കുന്ന അതേ രുചിയിൽ ഈ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകിയത് ശ്രീജിത്ത് കോമത്ത് ആണ്.
കോവിഡ് മഹാമാരിക്കു ശേഷമുള്ള ആദ്യത്തെ ഒത്തുചേരല്‍ ആയതുകൊണ്ട് നിരവധി പേരാണ് രാവിലെ 9 മണി മുതല്‍ ആരംഭിച്ച് 3 മണിക്ക് അവസാനിച്ച പിക്നിക്കില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിച്ചേർന്നത് . ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ എത്തിച്ചേർന്ന യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്വമായിരുന്നു ഈ വർഷത്തെ മാപ്പ് പിക്നിക്കിന്റെ വിജയം
വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഒ