പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

Spread the love

മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞബദ്ധമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളും 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് പുതിയാപ്പയിൽ നിര്‍മ്മിച്ചിട്ടുള്ളത്. ഇതോടെ ഹാര്‍ബറിലെ അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
1982 ല്‍ വിഭാവനം ചെയ്ത പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ 1996 ലാണ് കമ്മീഷന്‍ ചെയ്തത്. ശരാശരി 30 അടി ദൈര്‍ഘ്യമുള്ള 250 യാനങ്ങള്‍ക്കുവേണ്ടിയുള്ള രൂപരേഖയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്. എന്നാല്‍ കാലം പുരോഗമിച്ചതോടെ ഈ സൗകര്യങ്ങള്‍ മതിയാകാതെ വന്നു. ഈ ഹാര്‍ബറിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് തുടക്കമിട്ടത്. 2018 ല്‍ ആരംഭിച്ച നവീകരണ

പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാടിനു സമര്‍പ്പിച്ചത്.
നിലവില്‍ 30 മുതല്‍ 90 അടി വരെ നീളമുള്ള ഏകദേശം 350 ട്രോളറുകളും 70 ഇന്‍ബോര്‍ഡ് വള്ളങ്ങളും 100 കാരിയര്‍ വള്ളങ്ങളുമാണ് ഇവിടെ മത്സ്യബന്ധനം നടത്തിവരുന്നത്. മത്സ്യബന്ധന യാനങ്ങളുടെ വലിപ്പവും എണ്ണവും വര്‍ദ്ധിച്ചതിനാല്‍ നിലവിലുണ്ടായിരുന്ന വാര്‍ഫില്‍ അവ അടുപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായാണ്, മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യം പരിഗണിച്ച് ഇവിടെ ഫിങ്കര്‍ജെട്ടികള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
തെക്കേ പുലിമുട്ടില്‍ നിന്നും 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള 2 ഫിങ്കര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇവ തമ്മിലുള്ള അകലം 100 മീറ്റര്‍ ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുവശങ്ങളിലും യാനങ്ങള്‍ അടുപ്പിക്കുവാന്‍ സാധിക്കും. ഇതിനുംപുറമെ ഹാര്‍ബറിലേക്കുള്ള ഗതാഗതസൗകര്യം സുഗമമാക്കുന്നതിനായി 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആര്‍ കെ വി വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി രൂപ ചിലവിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ലോക്കര്‍ മുറികളുടെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് രണ്ടേകാല്‍ കോടി രൂപ ചിലവില്‍ ഇവ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 10 ലോക്കര്‍ മുറികള്‍ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അത് 27 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, ലോക്കര്‍ മുറികളിലേക്കും പടിഞ്ഞാറേ പുലിമുട്ടിലേക്കും സുഗമമായി യാത്ര ചെയ്യുന്നതിനായി 95 ലക്ഷം രൂപ ചിലവില്‍ ഒരു അപ്പ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതിയാപ്പ മത്സ്യബന്ധന ഹാര്‍ബറിനെ ആശ്രയിച്ചു കഴിയുന്ന നാലായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ അനുബന്ധ തൊഴിലാളികള്‍ക്കും തികച്ചും ഉപകാരപ്രദമാവും ഈ പദ്ധതി എന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തീരദേശത്തിന്റെയും മത്സ്യബന്ധന മേഖലയുടെയും പശ്ചാത്തലസൗകര്യ വികസനത്തിനായി നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിവരുന്നത്. തങ്കശ്ശേരി, ശക്തികുളങ്ങര, കായംകുളം മത്സ്യബന്ധന തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നബാര്‍ഡ് റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെത്തി ഫിഷിംഗ് ഹാര്‍ബറിന് 97.43 കോടി രൂപയും പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറിന് 112.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.
റി-ബില്‍ഡ് കേരള പദ്ധതി വഴി നടപ്പാക്കുന്ന പുതിയങ്ങാടി, ഷിറിയ എന്നിവിടങ്ങളിലെ റിവര്‍ ഡ്രെയിനിംഗ് പ്രവൃത്തികള്‍ക്കായി 52.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സി ആര്‍ ഇസ്സഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കും. ഓഖി പാക്കേജില്‍ ഉള്‍പ്പെടുത്തി നീണ്ടകര, കായംകുളം എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ രണ്ടാം ഘട്ട വികസനം, മുനമ്പം, കാസര്‍ഗോഡ് എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ പുലിമുട്ടുകളുടെ നീളം വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി 54.70 കോടി രൂപ അനുവദിച്ചു. ഇതില്‍ തോട്ടപ്പള്ളി, കായംകുളം എന്നിവ ഒഴിച്ചുള്ള തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റുള്ളവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 154 തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 80.97 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച 1,848 റോഡുകളില്‍ 1,325 എണ്ണത്തിന്റെ പണി പൂര്‍ത്തിയാക്കിയ കാര്യവും നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവും. അതില്‍പ്പെട്ട ബാക്കിയുള്ള റോഡുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.
ഈ നിലയില്‍ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെയും ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന നൂറുകണക്കിന് പേരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author