ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി : മാത്യുക്കുട്ടി ഈശോ

Spread the love

ന്യൂയോർക്ക്: ചുരുങ്ങിയ മനുഷ്യായുസ്സിൽ തന്നാലാകും വിധം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിലേറ്റി പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹിയാണ് ന്യൂയോർക്കിലെ ഈസ്റ് മെഡോയിൽ താമസിക്കുന്ന ബിജു ചാക്കോ. സ്വന്തം സമ്പാദ്യത്തിൽ നിന്നും തൻ്റെ ചിന്താഗതിയോടു യോജിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയും മാതൃരാജ്യത്ത് കഷ്ടത അനുഭവിക്കുന്നവർക്കു സഹായങ്ങൾ ചെയ്യുന്നതിന് ബിജു എന്നും മുൻപന്തിയിലാണ്. സമാനചിന്താഗതിക്കാരുമായി ചേർന്ന് ECHO എന്ന കാരുണ്യ പ്രവർത്തന സംഘടനയുടെ ഭാഗമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി വരുന്നു.

Picture2ECHO-യിലെ ഓപ്പറേഷൻസ് ഡയറക്ടറായ ബിജുവിന്റെ നേതൃത്വത്തിൽ മാതൃ സംസ്ഥാനമായ കേരളത്തിലേക്ക് ധാരാളം കാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും നൽകിയെങ്കിലും അവിടെ മാത്രമായി സഹായങ്ങൾ ഒതുക്കി നിർത്താതെ രാജ്യ സീമകൾ കടന്നും സഹായമാവശ്യമായ സമയത്തു അവ എത്തിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. 2015 ഏപ്രിലിൽ വൻ നാശം വിതച്ച് നേപ്പാൾ കാത്മണ്ടുവിൽ ഉണ്ടായ ഭൂകമ്പത്തിൽ നേപ്പാളി ഡോക്ടറുമാരുടെ സഹായത്തോടെ എഴുപതിനായിരം ഡോളർ ($70,000) മുടക്കി ഒരു പ്രൈമറി ഹെൽത്ത് കെയർ സെൻറർ നിർമിച്ചു നൽകുന്നതിന് ECHO-യിലൂടെ ബിജുവിന്റെ നേതൃത്വം വലുതായിരുന്നു. 2018-ൽ ഉണ്ടായ കേരളത്തിലെ പ്രളയക്കെടുതിയിൽ കോട്ടയം കുമരകത്തു 30 ഭവനരഹിതർക്കു വീട് നിർമിച്ചു നൽകാൻ ECHO രണ്ടു ലക്ഷം ഡോളർ സമാഹരിച്ചു നൽകിയതിൽ മികച്ച നേതൃത്വം ബിജു നൽകിയിരുന്നു. ഫണ്ട് സമാഹരണത്തിലുപരി കുമരകത്തു നേരിട്ട് പോയി ഭവന നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചതും ഏറെ പ്രശംസനീയമാണ്.

ഡേവിസ് ചിറമ്മേലച്ചന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ ഡയാലിസിസ് മെഷീനുകൾ നൽകിയതും ആവശ്യത്തിലിരുന്ന ചിലർക്ക് ആർട്ടിഫിഷ്യൽ അവയവങ്ങൾ നൽകിയതും, ചെന്നൈയിലെ സങ്കൽപ് ലേണിംഗ് & സ്പെഷ്യൽ നീഡ്‌സ് സ്കൂളിന് നൽകിയ സഹായങ്ങളും ഇന്ത്യയിലെ കോവിഡ് നിയന്ത്രണ ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടിയതും ബിജുവിന്റെ പ്രവർത്തനങ്ങളിൽ ചിലതു മാത്രം.

ഇപ്പോൾ ഏറ്റവും പുതുതായി ഏതാനും ദിവസങ്ങൾക്കു മുൻപ് ലോകപ്രശസ്ത മജീഷ്യൻ പ്രൊഫ. ഗോപിനാഥ്‌ മുതുകാട് ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മുതുകാട് നടത്തി വരുന്ന “മാജിക് പ്ലാനറ്റ്” പ്രോജെക്ടിലേക്കായി ഏതാനും കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള തുക സമാഹരിച്ചു ECHO യിലൂടെ നൽകുന്നതിന് ബിജു മുൻപന്തിയിലായിരുന്നു. അതിന് അടുത്ത ദിവസം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേലിൻറെ പുതിയ പ്രൊജക്റ്റായ “ഹങ്കർ ഹണ്ട്” -ലേക്കു (Hunger Hunt) നൽകിയ സംഭവനയിലും ബിജുവിന്റെ പങ്കു വലുതായിരുന്നു. അങ്ങനെ കാരുണ്യ പ്രവർത്തനങ്ങളിൽ ബിജു ചാക്കോയുടെ തൊപ്പിയിൽ രണ്ടു പൊൻതൂവലുകൾ കൂടി വന്നിരിക്കുകയാണ്.

Picture3

ബിജുവിന്റെ കാരുണ്യ പ്രവർത്തനങ്ങളിലുള്ള താൽപ്പര്യവും അനുഭവങ്ങളും മനസ്സിലാക്കിയാണ് ഫോമാ പ്രസിഡൻറ് അനിയൻ ജോർജ് ഫോമയുടെ “ഹെൽപ്പിങ് ഹാൻഡ്‌സ്” (FOMAA Helping Hands) പ്രോജക്ടിന്റെ സെക്രട്ടറിയായി ചുമതലയേൽപ്പിച്ചത്. പ്രസ്തുത ചുമതലയിലും വളരെ ഉത്തരവാദിത്വത്തോടെ ബിജു കാണിച്ച താൽപ്പര്യവും നേതൃത്വവും ഫോമയ്ക്കു ജനപ്രീതി വർധിപ്പിക്കുവാൻ സഹായകരമായി. ഫോമായുടെ “ഹെൽപ്പിങ് ഹാൻഡ്‌സ്” പ്രോജെക്ടിനെ അടുത്ത ലെവലിലേക്കു എത്തിക്കണമെന്നാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജുവിന്റെ വിവിധ ലക്ഷ്യങ്ങളിൽ ഒന്ന്. അതിനായി തന്റെ ടീമായ “ഫോമാ ഫാമിലി ടീമിലെ” എല്ലവരെയും വിജയിപ്പിക്കണമെന്നും അതിലൂടെ ഫോമായെ കാരുണ്യ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ള പ്രശസ്ത സംഘടനയായി ഉയർത്തുവാൻ എല്ലാ അംഗ സംഘടനാ പ്രതിനിധികളും സഹായിക്കണമെന്നും ബിജു ചാക്കോ അഭ്യർഥിച്ചു.

Author