കൊച്ചി : റീല്‍സ് ഉപയോഗിക്കുന്ന വീഡിയോ ക്രിയേറ്റേഴ്സിനായി മെറ്റ ( പഴയ ഫേസ്ബുക്ക്) കൊച്ചിയില്‍ ഒരു ക്രിയേറ്റര്‍ മീറ്റപ്പ് സംഘടിപ്പിച്ചു. ഹയാത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിയേറ്റര്‍മാര്‍ പങ്കെടുത്തു.
കേരളത്തിലെ കണ്ടന്റ് ക്രിയേറ്റേര്‍മാര്‍ നര്‍മ്മം, സംഗീതം, വിനോദം എന്നിവയുടെ അതിരുകള്‍ ഭേദിച്ച് തങ്ങളുടെ റീലുകളിലൂടെ പ്രാദേശിക സംസ്‌കാരത്തെ പരിചയപ്പെടുത്തുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയതലത്തിലും ആഗോളതലത്തിലും ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഈ ക്രിയേറ്റേര്‍സിനെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മീറ്റപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഫീച്ചറുകള്‍ അറിയാനും മറ്റ് ക്രിയേറ്റേര്‍സുമായി സഹകരിക്കാനുമുള്ള അവസരം കൂടിയായിരുന്നു മീറ്റപ്പ്.
പ്രദേശങ്ങളുടെയും ഭാഷകളുടെയും അതിരുകള്‍ ഭേദിച്ച് ഇന്ത്യയെ വിനോദിപ്പിക്കുകയാണ് റീല്‍സ്. കേരളത്തില്‍ നിന്നുള്ള ക്രിയേറ്റേഴ്സ് ധാരാളം ട്രെന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുകയും ദേശീയവും പ്രാദേശികവുമായ ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്യുന്നു. ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍, ഈ ക്രിയേറ്റേഴ്സിനെ ആഘോഷിക്കാനും അവര്‍ക്ക് പരസ്പരം സഹകരിക്കാനുള്ള ഒരു വേദി നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതാണ് ഈ മീറ്റപ്പിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ (മെറ്റ) ഡയറക്ടറും പാര്‍ട്ണര്‍ഷിപ്പ് മേധാവിയുമായ മനീഷ് ചോപ്ര പറഞ്ഞു.
പേര്‍ളി മാണി, ഷെഫ് പിള്ള, ഉണ്ണി മുകുന്ദൻ, ജേക്സ് ബിജോയ് ,ഷക്കീർ സുബ്ഹാന്‍, മീത്ത് ആന്‍ഡ് മിരി എന്നിവരുള്‍പ്പടെ 320ലധികം ക്രിയേറ്റേഴ്സ് ഹയാത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. റീല്‍സ് ക്രിയേറ്റേഴ്സിന്റെ വളര്‍ച്ചക്കുള്ള ഒരു ഉപാധിയാണ്. പുതിയ ക്രിയേറ്റേഴ്സിന് അവരുടെ അഭിനിവേശം പ്രകടിപ്പിക്കാനും ഇന്‍സ്റ്റഗ്രാം സമൂഹത്തിനിടയില്‍ അറിയപ്പെടാനും ഇത് അവസരം നല്‍കുന്നു. നമ്മുടെ നഗരത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും ഏത് നൃത്ത ചുവടും മ്യൂസിക് ട്രാക്കുമാണ് കേരളത്തില്‍ നിലവില്‍ ട്രെന്‍ഡെന്നും അറിയാനുള്ള പ്രധാന മാര്‍ഗമാണ് ഹ്രസ്വ വീഡിയോ ഫോര്‍മാറ്റ്. ബ്രാന്‍ഡുകള്‍ അവരുടെ പ്രാദേശിക ക്യാംപയിനുകള്‍ക്കായി ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതും ഇവിടെ നിന്നാണ്-അഭിനേത്രിയും ടോക്ക് ഷോ അവതാരകയുമായ പേര്‍ളി മാണി പറഞ്ഞു.
രണ്ടു വര്‍ഷത്തിന് ശേഷം ക്രിയേറ്റേഴ്സിനായി കൊച്ചിയില്‍ നടക്കുന്ന ഇത്രയും വലിയ ആദ്യത്തെ ഓണ്‍-ഗ്രൗണ്ട് മീറ്റാണിത്. പ്രാദേശിക ക്രിയേറ്റര്‍ കമ്മ്യൂണിറ്റിക്ക് പരസ്പരം കാണാനും ഇടപഴകാനും ഒരുമിച്ച് രസകരമായ കണ്ടന്റ് ഉണ്ടാക്കാനും അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. തങ്ങള്‍ സൃഷ്ടിച്ച വിനോദ റീലുകള്‍ കാരണം സംസ്ഥാനത്തെ താരങ്ങളായി മാറിയ പുതിയ ആളുകള്‍ക്ക് ഇത്തരമൊരു വേദി ഉണ്ടാവേണ്ടത് പ്രധാനമായിരുന്നു. ഇത് കേരളത്തില്‍ ക്രിയേറ്റര്‍മാര്‍ക്കിടയില്‍ സഹകരണത്തിന് കാരണമാകുമെന്നും മീറ്റപ്പില്‍ പങ്കെടുത്ത മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബ്ഹാന്‍ പറഞ്ഞു.
അടുത്തിടെ, ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ കാര്യങ്ങളും, മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള സംവിധാനങ്ങളും പഠിക്കുന്നതിനുള്ള ഇ-ലേണിംഗ് കോഴ്‌സായ ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം മലയാളത്തില്‍ ആരംഭിച്ചിരുന്നു.
Report : Aishwarya