ഹ്യൂസ്റ്റൺ: കോട്ടയം എം പി ശ്രീ തോമസ് ചാഴികാടന് ഹ്യൂസ്റ്റനിൽ ഊഷ്‌മളമായ വരവേൽപ്പ്. സ്റ്റാഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഡ്ഢ ഗംഭീരമായ സ്വീകരണ ചടങ്ങു് സൗത്തിന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സും പ്രവാസി കേരളാ കോൺഗ്രസ് ഹ്യൂസ്റ്റൺ ചാപ്റ്ററും സംയുക്തമായാണ് സംഘടിപ്പിച്ചത്.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രവർത്തകരും നേതാക്കളുമായി അൻപതിൽ അധികംപേർ ഒത്തുചേർന്ന സമ്മേളനത്തിന് ചേംബർ പ്രസിഡണ്ട് ശ്രി ജിജി ഓലിക്കൻ ആധ്യക്ഷം വഹിച്ചു. പ്രവാസി കേരളാ കോൺഗ്രസ് (പികെസി) ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രെസിഡെന്റ് ശ്രി ഫ്രാൻസിസ് ചെറുകര സ്വാഗതം ആശംസിച്ചു.
തനിക്കു നൽകിയ സ്നേഹാർദ്രവും ഉജ്ജ്വലവുമായ സ്വീകരണത്തിൽ നന്ദി പറഞ്ഞ തോമസ് ചാഴികാടൻ എം പി രാഷ്ട്രീയക്കാരിൽ അമ്പതു ശതമാനവും അഴിമതിക്കാരാണ് എന്ന ജിജി ഓലിക്കന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. രാഷ്‌ടീയക്കാരിൽ കള്ളന്മാർ ഉണ്ട് പക്ഷെ അത് ചുരുക്കം ചിലരെ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളികളുടെ കേരളത്തിലേക്കുള്ള സഹായങ്ങളും സേവനങ്ങളും വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം ഓർമിച്ചു. കേരളത്തിലും കേന്ദ്രത്തിലും മലയോരകര്ഷകര്ക്കും പ്രവാസികൾക്കുമായി പാലമെന്റിൽ വിജയകരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നദ്ദെഹം പറഞ്ഞു.
സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി പറഞ്ഞു. ഒപ്പം അമേരിക്കൻ പ്രവാസികൾക്കായി കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഒരു ഓസിഐ കൗണ്ടർ സ്ഥാപിക്കണം എന്ന മലയാളി അസോസിയേഷൻ പ്രസിഡണ്ട് അനിൽ ആറന്മുളയുടെ അപേക്ഷ അടുത്ത പാർലമെൻറ് സമ്മേളനത്തിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നു അദ്ദേഹം സമ്മതിച്ചു. അതുപോലെ നാല്പതിനായിരത്തോളം മലയാളികൾ ഉള്ള ഹ്യൂസ്റ്റനിൽ നിന്നും എയർ ഇന്ത്യയുടെ ഒരു സർവീസ് ആരംഭിക്കണമെന്ന ഫോമാ മുൻ പ്രസിഡണ്ട് ശശിധരൻ നായരുടെ ആവശ്യവും അധികാരികളുടെ മുൻപിൽ എത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
സ്റ്റാഫോർഡ് സിറ്റി പ്രോട്ടേം മേയർ ശ്രി കെൻ മാത്യു, മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, ഒഐസിസി പ്രസിഡണ്ട് ബേബി മണക്കുന്നേൽ പെയർലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോമോൻ എടയാടി, ശശിധരൻ നായർ, തോമസ് ചെറുകര, ഫിലിപ്പ് കൊച്ചുമ്മൻ, സാബു കുര്യൻ ഇഞ്ചനാട്ടിൽ , ജെയിംസ് തെക്കനാടൻ, തോമസ് വെട്ടിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ചേമ്പർ മുൻ പ്രസിഡണ്ട് ജോർജ് കോലച്ചേരിൽ എം സി ആയിരുന്നു. പികെസി നാഷണൽ സെക്രട്ടറി സണ്ണി കാരക്കൻ നന്ദി പ്രകാശിപ്പിച്ചു.