എക്‌സൈസിന്റെ ഓണക്കാല എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് 5 മുതൽ

Spread the love

ഓണക്കാലത്ത് വ്യാജ മദ്യ-മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നാളെ (ഓഗസ്റ്റ് 5)ന് ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സെപ്റ്റംബർ 12ന് രാത്രി 12 മണി വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് നടക്കുന്നത്. വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും കളക്കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനോടൊപ്പം ചേർന്നും എക്‌സൈസ് ഫലപ്രദമായ ഇടപെടൽ നടത്തും. മയക്കുമരുന്ന് ഉപയോഗം തടയാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഊർജിതമായ ശ്രമം ഉണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു.
ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിക്കും. എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കാകും ചുമതല. പരാതികൾ വന്നാൽ ഉടൻ ഇടപെടാൻ വേണ്ടിയാണ് ഈ സംവിധാനം. റെയിഞ്ച്-സർക്കിൾ-സ്‌ക്വാഡ് ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരെ രണ്ട് ടീമായി തിരിച്ച് ഓരോ ടീമും ഒന്നിടവിട്ട ദിവസങ്ങളിൽ തീവ്രയജ്ഞ പരിപാടി നടത്തും. അബ്കാരി/എൻഡിപിഎസ് കുറ്റകൃത്യങ്ങളിൽ മുൻപ് ഏർപെട്ടവരെ സൂക്ഷ്മമായി നിരീക്ഷിക്കും. മദ്യമയക്കുമരുന്ന് കടത്ത് കേസിൽ പെട്ടവരുടെയും വ്യാജമദ്യ വിൽപ്പന നടത്തുന്നയാളുകളുടെയും പട്ടിക തയ്യാറാക്കി കർശനമായി നിരീക്ഷിക്കും.

Author