കണക്ടിക്കട്ട്: കണക്ടിക്കട്ട് സംസ്ഥാനത്തെ ഏക സീറോ മലബാര്‍ ദേവാലയമായ ഹാര്‍ട്ട് ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ മൂന്നു ദിവസമായി നടന്നുവന്ന പ്രധാന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.
2022 ജൂലൈ 23-നു വൈകിട്ട് 5.30-ന് കൊടിയേറ്റത്തോടെയാണ് തിരുനാളിനു തുടക്കംകുറിച്ചത്. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. ജോസ് പുള്ളിക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇടവകയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ചെണ്ട മേളവും വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന് പള്ളിയങ്കണത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി. അതിനുശേഷം അഭിവന്ദ്യ ജോയി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദീകര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ചെണ്ട മേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ രൂപംവഹിച്ചുകൊണ്ടുള്ള വര്‍ണ്ണശബളമായ പ്രദക്ഷിണം നടന്നു.
തിരുനാളിന്റെ സമാപന ദിവസമായ 25-നു തിങ്കളാഴ്ച അഭിവന്ദ്യ ജോയി പിതാവിന്റെ നേതൃത്വത്തില്‍ സെമിത്തേരി സന്ദര്‍ശനവും തുടര്‍ന്ന് പിള്ളിയില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. അതിനുശേഷം കൊടിയിറക്കത്തോടെ ഈവര്‍ഷത്തെ തിരുനാളിന് സമാപനം കുറിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തിയത് ഡോ. ഷോണ്‍ & ഡോ. അഞ്ജന പ്ലാത്തോട്ടം കുടുംബമാണ്. തിരുനാള്‍ പ്രമാണിച്ച് പള്ളി ദീപപ്രഭയാല്‍ മനോഹരമായിരുന്നു. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിന് ട്രസ്റ്റിമാരായ റെജി നെല്ലിക്ക്, അനില്‍ മാത്യു തട്ടാരുപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ഡേവീസ് പൗലോസ്, സെക്രട്ടറി ദീപ ജോണ്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബേബി മാത്യു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായ ബിസ് അബ്രഹാം, ട്രീസാ മാത്യു എന്നിവരും, തോമസ് ചേന്നാട്ട്, ജോര്‍ജ് ചെത്തിക്കുളം, മാത്യൂസ് കല്ലുകുളം, ക്രിസ്റ്റഫര്‍ ചാക്കോ, അശ്വിന്‍ മാത്യു എന്നിവരും നേതൃത്വം നല്‍കി.
ജോസഫ് പുള്ളിക്കാട്ടില്‍ അറിയിച്ചതാണിത്.