ഫോമായുടെ ചരിത്ര കണ്‍വന്‍ഷന് വര്‍ണക്കൊടി ഉയരാന്‍ ഇനി പത്ത് ദിനങ്ങള്‍ മാത്രം – എ.എസ് ശ്രീകുമാര്‍

Spread the love

ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ നേര്‍സാക്ഷ്യമായ ഫോമായുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുന്ന ഏഴാമത് കണ്‍വന്‍ഷന് കൊടി ഉയരാന്‍ ഇനി പത്ത് ദിവസങ്ങള്‍ മാത്രം. നിരവധി വിസ്മയങ്ങള്‍ നിറഞ്ഞിരിക്കുന്ന കാന്‍കൂണിലെ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഈ വമ്പിച്ച മലയാളി മാമാങ്കത്തിന് ഭദ്രദീപം തെളിയുമ്പോള്‍ അത് അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ ഈടുറ്റ അധ്യായമാകുമെന്നുറപ്പ്.

കോവിഡ് ദുരിതങ്ങള്‍ക്ക് ശേഷം കാനഡയ്ക്കും യു.എസ്.എയ്ക്കും പുറത്ത് നടക്കുന്ന ഒരു ഫെഡറേഷന്റെ ഏറ്റവും വലിയ കണ്‍വന്‍ഷനാണിത്. ഫോമായുടേ 84 അംഗസംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയോടുകൂടി നടക്കുന്ന മലയാളി ഫാമിലി-ഹോളി ഡേ കണ്‍വന്‍ഷനുള്ള അവസാനവട്ട തയ്യറെടുപ്പുകളിലാണ് കമ്മിറ്റികളെല്ലാം. വിവധ സ്റ്റേറ്റുകളില്‍ ചിതറിക്കിടക്കുന്ന ആറും ഏഴും കുടുംബങ്ങള്‍ ഒന്നിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ളത് ഇതുവരെയില്ലാത്ത പ്രത്യേകതയാണ്. ഏറെ നാളുകള്‍ക്ക് ശേഷം അവര്‍ക്കെല്ലാം ഒരു വേദിയില്‍ സംഗമിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കാന്‍കൂണ്‍ അവസരമൊരുക്കും.

മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകാന്‍ നാസ പദ്ധതിയിടുന്ന പശ്ചാത്തലത്തില്‍ ഫോമാ അമേരിക്കന്‍ മലയാളികളെ ഒരു ‘മൂണ്‍’ പാലസിലാണ് എത്തിക്കുന്നത്. അതുകൊണ്ട് കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ ഏവരും ആശ്ചര്യത്തോടെ കാത്തിരിക്കുന്നു. മലയാളികള്‍ക്ക് അഭിമാനമായ മൂന്ന് റെക്കോഡുകളോടെയാണ് ഫോമാ കാന്‍കൂണ്‍ കണ്‍വന്‍ഷനെത്തുന്നത്. രജിസ്‌ട്രേഷനിലെ റെക്കോഡാണ് ഒന്ന്. ഫോമായുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതന്‍ ജനപങ്കാളിത്തമുള്ളതും ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ കണ്‍വന്‍ഷനായിരിക്കുമിത്. അതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യുവജനങ്ങളും കുട്ടികളും സാന്നിധ്യമറിയിക്കുന്നു.

ഫോമായുടെ വരുമാനം ഒരു മില്യണ്‍ കടന്നുവെന്നുള്ളതാണ് മറ്റൊരു റെക്കോഡ്. അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സംഘടനയുടെ വരുമാനം ഒരു മില്യണ്‍ ഡോളര്‍ കടക്കുന്നത്. അതിനാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. മൂന്നാമത്തെ റെക്കോഡ് ഡെലിഗേറ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനവാണ്. ഡെലിഗേറ്റുകളും കമ്മിറ്റിക്കാരും മറ്റ് ഭാരവാഹികളും രജിസ്റ്റര്‍ ചെയ്തവരും ഗസ്റ്റുകളുമൊക്കെയാവുമ്പോള്‍ മലയാളികളുടെ വലിയൊരു കൂട്ടമായിരിക്കും മൂണ്‍ പാലസിലുണ്ടാവുക.
വിനോദ സഞ്ചാരികളുടെ പറുദീസയാണ് കാന്‍കൂണ്‍ എങ്കില്‍ ലോകത്തെ ഏറ്റവും മികച്ച റിസോര്‍ട്ടുകളിലൊന്നാണ് മൂണ്‍ പാലസ്. റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കരീബിയന്‍ കടല്‍. കടലില്‍നിന്നുള്ള ഇളം കാറ്റേറ്റ് മനോഹരമായ സൂര്യാസ്തമനവും കണ്ട് ആസ്വദിക്കാനുള്ള ദിനരാത്രങ്ങളാണ് ഫോമാ സമ്മാനിക്കുന്നത്. ഈ കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു മയില്‍പ്പീലിത്തുണ്ടുപോലെ ജീവിതത്തിലെ ഓര്‍മ്മപ്പുസ്തകത്തില്‍ എന്നെന്നേയ്ക്കും സൂക്ഷിച്ചു വയ്ക്കാന്‍ പറ്റുന്ന അവിസ്മരണീയമായ അവധിക്കാലമായിരിക്കും കാന്‍കൂണിലേത്.

Author