സംസ്ഥാന വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ ആറ് വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഓണം എക്സ്പോ 2022 പ്രദര്‍ശന, വില്പന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.
മേളയില്‍ 65 ല്‍ പരം സ്റ്റാളുകളിലായി കൈത്തറി, കയര്‍, കരകൗശല, ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടാവും. രാവിലെ 11 മുതല്‍ എട്ട് വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് മാത്രമായി 15 സ്റ്റാളുകള്‍ ഉണ്ട്. ഹാന്‍ഡ്ലൂം മാര്‍ക്ക് ലോഗോയോടു കൂടിയ കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ മേളയില്‍ ലഭ്യമാകും. ചെറുകിട വ്യവസായ കയര്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങളും ലഭിക്കും. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ ഫാക്ടറി വിലക്ക് വാങ്ങാനും അവസരമുണ്ട്.
കാന്താരി സിറപ്പ്, അവില്, ഇഡ്ഡലി പൊടി തുടങ്ങി തനി നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍, നെല്ലിലെ പതിര് കളയുന്ന ആധുനിക ഉപകരണം, തയ്യല്‍ മെഷീന്, ബാഗുകള്‍, കൈത്തറി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയവയെല്ലാം വിപണനത്തിനുണ്ട്.