ന്യായവില ഉറപ്പാക്കാത്ത ഒരു കാര്‍ഷിക പദ്ധതിയും വിജയിച്ച ചരിത്രമില്ല : അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: ഉല്പാദന ചെലവിനും ജീവിത സൂചികയ്ക്കുമനുസരിച്ച് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കി കര്‍ഷകന് നല്‍കാത്ത ഒരു പദ്ധതിയും വിജയിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഏതു കാര്‍ഷികപദ്ധതിയാണ് വിജയിച്ചിട്ടുള്ളതെന്ന് കൃഷിവകുപ്പ് വ്യക്തമാക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.

കാര്‍ഷികമേഖലയെക്കുറിച്ചുള്ള ഉദ്യോഗസ്ഥ കണക്കുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും തയ്യാറാകണം. 2015 ലെ സംസ്ഥാന കാര്‍ഷിക വികസനനയം ഇതുവരെയും നടപ്പിലാക്കാതെ സര്‍ക്കാര്‍ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്താല്‍ കൃഷി വളരില്ലെന്ന് വ്യക്തമായ തെളിവുകളുണ്ട്. വിവിധ മിഷനുകള്‍, ഡെവലപ്പ്‌മെന്റ് അതോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഫെഡറേഷനുകള്‍, ഡെവലപ്പ്‌മെന്റ് ബോര്‍ഡുകള്‍ എന്നിങ്ങനെ നൂറില്‍പരം ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിനെ നിലവിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തനനിരതമാക്കുകയാണ് വേണ്ടത്. രണ്ടായിരാമാണ്ടിനുശേഷം ഈ സ്ഥാപനങ്ങളും ഓഫീസുകളും കൃഷിവകുപ്പില്‍ രൂപപ്പെട്ടതിനുശേഷമാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകരാന്‍ തുടങ്ങിയത്.

1987ല്‍ സംസ്ഥാനത്ത് കൃഷിവകുപ്പ് ആരംഭിക്കുമ്പോള്‍ 8.76 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെല്‍കൃഷി ഇന്നിപ്പോള്‍ 1.97 ലക്ഷം ഹെക്ടറായി കുറഞ്ഞു. പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിച്ചിട്ടും കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കാര്‍ഷിക സ്വയംപര്യാപ്തതയിലുണ്ടായിരുന്ന കേരളത്തിന് അരി, പാല്‍, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്ന കേടുകാര്യസ്ഥത തിരിച്ചറിയാതെ നടത്തുന്ന പദ്ധതിപ്രഖ്യാപനങ്ങളൊന്നും ഫലപ്രാപ്തിയുണ്ടാവില്ല.

ഏഴുപതിറ്റാണ്ട് പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഭൂനിയമങ്ങള്‍ റദ്ദുചെയ്ത് ഇതരസംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന മാറിയ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വിളമാറ്റ ഫലവര്‍ഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍ഷകപദ്ധതികളാണ് വേണ്ടത്. കര്‍ഷകരുമായും കൃഷിയുമായും യാതൊരു ബന്ധവുമില്ലാത്ത കൃഷിഭവനുകള്‍ അടച്ചുപൂട്ടണം. കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി, ഒരുലക്ഷം കൃഷിയിടങ്ങള്‍ തുടങ്ങിയ ഈ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളുടെ പരാജയങ്ങള്‍ മനസ്സിലാക്കി തിരുത്തലുകള്‍ നടത്തണം. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പായി രാജ്യാന്തരവിപണിയില്‍ വിപണനസാധ്യതകളുള്ള ഉല്പന്നങ്ങളുടെ ഉല്പാദനവും ന്യായവിലയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റിയന്‍
സെക്രട്ടറി ജനറല്‍, ഇന്‍ഫാം
+91 70126 41488

 

Author