കുടുംബത്തോടെ നേരിടാം ഓട്ടിസത്തെ : മിനു ഏലിയാസ്

Spread the love

ഓരോ വ്യക്തിയും തന്റെ ആദ്യ ജീവിതപാഠങ്ങൾ പഠിച്ചു തുടങ്ങുന്നത് സ്വന്തം കുടുംബങ്ങളിൽ നിന്നാണ്. കുടുംബമാണ് അവന്റെ ആദ്യ വിദ്യാലയം. ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റു കുട്ടികളേക്കാൾ കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കുന്നു. എന്നാൽ ഈ കുട്ടികൾ എല്ലാ കുടുംബങ്ങളിലും അംഗീകരിക്കപ്പെടുന്നുണ്ടോ എന്നുള്ള വസ്തുത വിലയിരുത്തേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികൾ പല കുടുംബങ്ങളിൽ നിന്നും പലവിധ അവഗണനകൾ നേരിടുന്നുണ്ട് എന്നുള്ളത് തീർത്തും വേദനാജനകമാണ്. പൊതു ഇടങ്ങളിൽ നമുക്ക് ഇത്തരം കുട്ടികളിൽ എത്രപേരെ കാണാനാകും? ആഘോഷങ്ങളിൽ ഓട്ടിസം ഉള്ള കുട്ടിയെ കൊണ്ടുവരാതിരിക്കാനായി അതിൽ പങ്കെടുക്കാതെ ഇരിക്കുന്ന എത്രയോ അമ്മമാരുണ്ട്? വീട്ടിൽ അതിഥികൾ വന്നാൽ ഒരു മുറിയിലേക്ക് ഒതുങ്ങി പോകേണ്ടി വരുന്ന എത്ര കുട്ടികളുണ്ട്?എന്തിനേറെ പറയണം സ്വന്തം കുടുംബത്തിൽ ഇത്തരം കുട്ടികൾ ഉണ്ടെന്ന് പറയാൻ പോലും മടിക്കുന്നവർ ഈ സമൂഹത്തിൽ ഇന്നേറെയാണ്.

ശരിയായ ചികിത്സാരീതികളിലൂടെ ഓട്ടിസം ബാധിതർക്കും സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാനാകും എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അത് തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഒരു ഓട്ടിസം സ്കൂളിൽ അയയ്ക്കുന്നതിലൂടെയോ അവരെ പരിപാലിക്കാൻ ഒരാളെ നിയോഗിക്കുന്നതിലോ അവസാനിക്കുന്നില്ല കുടുംബത്തിനുള്ള ഉത്തരവാദിത്തം. അവരുടെ കൂടെ സമയം ചിലവഴിക്കുന്നത് അത്യാവശ്യ ഘടകങ്ങളിലൊന്നാണ് . സമയമാണ് ഒരു രക്ഷിതാവിനു തന്റെ കുട്ടിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനം. കൂടാതെ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും വീണ്ടും ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ സന്തോഷം കണ്ടെത്താൻ സാധിക്കുന്നതാണ്.

മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ കുട്ടിയെ അംഗീകരിക്കുക എന്നതാണ്. ഓട്ടിസം എന്താണെന്നും അതിന്റെ ചികിത്സാസാധ്യതകളെയും പറ്റിയും മനസ്സിലാക്കി, കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക. തങ്ങളുടെ കുട്ടിയുടെ ഭാവി ജീവിതം എങ്ങനെ ആയിരിക്കും എന്ന നിഗമനത്തിൽ എത്തിച്ചേരാതെ അവർക്ക് കൃത്യമായ ചികിത്സയും പരിശീലനവും നൽകുക.നമ്മുടെ പ്രതീക്ഷകൾക്ക് ഒപ്പമെത്താൻ അവർക്കു സാധിച്ചില്ലെങ്കിൽ നമ്മളിൽ അത് നിരാശ ഉണ്ടാക്കാതെ വീണ്ടും പരിശ്രമിക്കുക. അവരുടെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ക്ഷമയോടെ അതിനായി പരിശ്രമിക്കുക.

കൃത്യമായി കുട്ടിയെ സ്കൂളിലും തെറാപ്പികൾക്കും കൊണ്ടുപോകുകയും അധ്യപകരായും തെറാപ്പിസ്റ്റുമാരുമായും സംസാരിക്കുകയും അവരുടെ പുരോഗതി അറിയാനും ശ്രമിക്കുക. വിവിധ തെറാപ്പികളിലൂടെ അവർ പഠിക്കുന്ന ദിനചര്യകൾ കൃത്യമായി പാലിക്കാൻ അവരെ പരിശീലിപ്പിക്കേണ്ടത് വീട്ടിൽ നിന്നാണ് . തെറാപ്പിയോടൊപ്പം വീട്ടിൽ നിന്നുള്ള കൃത്യമായ പരിശീലനം അവരിൽ പുതിയ കഴിവുകളും പെരുമാറ്റങ്ങളും ഉടലെടുക്കുന്നത് എളുപ്പമാക്കുന്നു. ബിഹേവിയർ തെറാപ്പിയിൽ വീട്ടിൽ പരിശീലിപ്പിക്കേണ്ട കാര്യങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കാം.

സാമ്പത്തികം, ധാരാളം മാതാപിതാക്കളെ ഇത്തരക്കാരുടെ ചികിത്സക്കായി അലട്ടുന്നുണ്ടെന്നുള്ളത് ഒരു വസ്തുത ആണ്. ഒരുപാട് സാമ്പത്തിക ഇളവുകൾ നിലവിലുണ്ടെകിലും എല്ലാവരിലേക്കും സഹായങ്ങൾ എത്തുന്നില്ല എന്നുള്ളതാണ് വാസ്തവം. പൊതുഗതാഗത മാർഗ്ഗങ്ങൾക്ക് പകരം വ്യക്തിഗത ഗതാഗതം, സ്ഥിരമായി ഒരു പരിചാരകനെ നിയമിക്കുക, കുട്ടിയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വരുക എന്നുള്ളവയാണ് മാതാപിതാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലത്. ആശയവിനിമയ വെല്ലുവിളികൾ, സ്വയം പരിചരണത്തിനുള്ള സമയം കണ്ടെത്തുക എന്നുള്ളവയും മറ്റു പ്രയാസങ്ങളാണ് . എന്നാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുവാൻ കുടുംബത്തിനകത്തു നിന്നുകൊണ്ട് തന്നെ സാധിക്കുന്നതാണ് . ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും ഓട്ടിസം ബാധിച്ചവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നത് അംഗീകരിക്കപ്പെടാനാവാത്ത പ്രവണതയാണ് .

കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ചികിത്സക്ക് ഒപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് അവർക്ക് ആവിശ്യമായ പൊതു ഇടങ്ങൾ ഒരുക്കുക എന്നത്. പൊതു ഇടങ്ങളിൽ ഇത്തരം കുട്ടികളെ കൊണ്ടുവരാൻ മാതാപിതാക്കൾ ഉത്സാഹം കാണിക്കണം. ഇത് അവരെ അവരുടെ പ്രായത്തിലെ മറ്റുകുട്ടികളോട് അടുക്കാനും ശാരീരിക പരമായ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കും.

ആളുകളെ കാണുന്നതും തമ്മിൽ ആശയവിനിമയം നടക്കുന്നതും കുട്ടികളിൽ ഒറ്റക്കിരിക്കാനുള്ള പ്രവണത അകറ്റുകയും സമൂഹമായി കൂടുതൽ പരിജിതമാവാനും ഗുണം ചെയ്യും.

കുട്ടികൾ ഇടയ്ക്കിടെ ഹൈപ്പർ ആക്റ്റീവ് ആകാൻ സാധ്യത ഉള്ളതിനാൽ ഇത്തരം സമയങ്ങളിൽ കുടുംബാംഗങ്ങളുടെ സ്നേഹത്തോടെയുള്ള സമീപനം ഉറപ്പു വരുത്തേണ്ടതുണ്ട്. മറ്റുകാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ടുപോകുകയും അവരുടെ ഊർജ്ജം മറ്റുള്ള എന്തിലേക്കെങ്കിലും ഉപയോഗിക്കാനും ശ്രമിക്കുക.അവരെ ഹൈപ്പർ ആക്റ്റീവ് ആക്കുന്ന ചോക്ലേറ്റ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിവതും ഒഴിവാകുവാൻ ശ്രമിക്കുക.

ഓട്ടിസം ബാധിച്ചവർക്ക് സമൂഹത്തിൽ നല്ല രീതിയിലുള്ള ജീവിതം ഉറപ്പുവരുത്തേണ്ടതു നാം ഓരോരുത്തരുടേം കടമയാണ് .അവരെ ചേർത്ത് പിടിക്കാനും അവർക്ക് അവസരങ്ങൾ ഒരുക്കാനും കൂടെ ഒരു കുടുംബവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹവുമുണ്ടെങ്കിൽ ഓരോ കുഞ്ഞുങ്ങളും നമുക്ക് മുന്നിൽ പാറി നടക്കും.

(ലേഖിക കോട്ടയം ജില്ലയിലെ കോതനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൻ്റെ സ്ഥാപകയും എക്സിക്കുട്ടീവ് ഡയറക്ടറുമാണ്)

Minu Alias

Author