വീടുകളില്‍ അരുമകളായി വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെന്ന വസ്തുത പലര്‍ക്കും അറിവുള്ളതാണെങ്കിലും പല കാരണങ്ങള്‍ കൊണ്ടും വിമുഖത കാണിക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വീടുകളില്‍ വളര്‍ത്തുന്ന
നായ്ക്കളുടെ ലൈസൻസ്
നിര്‍ബന്ധമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ല ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പുനഃരാരംഭിച്ചിരിക്കുകയാണ്. ഇൻ്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണൻസ് മാനേജ്സെൻറ് സിസ്റ്റം അഥവാ ഐ.എല്‍.ജി.എം.എസ് വഴി ഓണ്‍ലൈൻ ആയും പഞ്ചായത്തുകള്‍ വഴി നേരിട്ടും ലൈസൻസ് എടുക്കാൻ സാധിക്കും.
ലൈസൻസ് വേണ്ടത് ആര്‍ക്ക്
1998 ലെ പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് വീടുകളില്‍ വളര്‍ത്തുന്ന പട്ടികള്‍ക്കും പന്നികള്‍ക്കും ലൈസൻസ് നിര്‍ബന്ധമാണ്. പന്നി ഫാം നടത്തുന്നതിന് 2012 ലെ ലൈവ് സ്റ്റോക്ക്ഫാമുകള്ക്കുള്ള ലൈസൻസ് ചട്ട പ്രകാരം ലൈസൻസ് എടുത്ത ആള് പ്രത്യേക ലൈസൻസ് എടുക്കേണ്ട ആവശ്യമില്ല. മൃഗത്തെ വാങ്ങി 30 ദിവസത്തിനകം ലൈസൻസ് എടുക്കണം. ഒരു വര്‍ഷമാണ് ലൈസൻസ് കാലാവധി. തുടര്‍ന്ന് എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തിലും ലൈസൻസ് പുതുക്കണം.
ലൈസൻസ് എടുക്കേണ്ട വിധം
അപേക്ഷകൻ എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ വളര്‍ത്തു നായയുടെ പ്രായം, നിറം, ഇനം മുതലായവ രേഖപ്പെടുത്തിയിരിക്കണം. പേപ്പട്ടി വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെന്നുള്ള മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പത്തു രൂപയാണ് അപേക്ഷ ഫീസ്.
ലൈസൻസ് അനുവദിക്കപ്പെട്ട പട്ടിയെ തൻ്റെ സ്ഥലത്തിന്റെ പരിസരത്തല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുവാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നല്‍കുന്നതിനൊപ്പം മൃഗത്തിന്റെ കഴുത്തില്‍ കെട്ടി സൂക്ഷിക്കുന്നതിനുള്ള മുദ്രണം ചെയ്ത ടോക്കണ്‍ അനുവദിക്കും.
ഓണ്‍ലൈൻ അപേക്ഷകര്‍ https://citizen.lsgkerala.gov.in/ എന്ന വിലാസം സന്ദര്‍ശിച്ച ശേഷം ഇ സേവനങ്ങള്‍ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ലെസൻസുകളും അനുമതികളുമെന്ന വിഭാഗത്തില്‍ പന്നികള്‍, പട്ടികള്‍- ലൈസൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമായ രേഖകള്‍ അപ് ലോഡ് ചെയ്ത് ഓണ്‍ലൈൻ ആയി പണമടക്കുക.