“പുനീത് സാഗര്‍ അഭിയാന്‍’: കൊല്ലം ബീച്ചും പരിസരവും ശുചീകരിച്ചു

Spread the love

ദേശവ്യാപകമായി നടപ്പിലാക്കുന്ന ‘പുനീത് സാഗര്‍ അഭിയാന്‍ പദ്ധതി’യുടെ ഭാഗമായി കൊല്ലം ബീച്ചും പരിസരവും ശുചീകരിച്ച് മൂന്നാം കേരള ഗേള്‍സ് എന്‍.സി.സി ബറ്റാലിയന്‍. പെണ്‍കുട്ടികള്‍ പങ്കെടുത്ത മാതൃകാ ശുചിത്വ പരിപാടിക്ക് പ്രചോദനമേകാന്‍ എം. നൗഷാദ് എം.എല്‍.എ യും മേയര്‍ പ്രസന്ന ഏണസ്റ്റും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണുമെത്തി.
പരിസരശുചീകരണത്തിന് പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, എന്‍.ജി.ഒ.കള്‍ വിവിധ വകുപ്പുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടര്‍ഷ്‌സ് ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ നീരജ് സിംഗ് , കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ആര്‍.എസ് രാജീവ്, മുന്നാം കേരള ഗേള്‍സ് എന്‍.സി.സി ബറ്റാലിന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. 2014 മുതല്‍ ദേശവ്യാപകമായി ബീച്ച് ശുചീകരണം, നദീതീരങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഹ്വാനം ചെയ്ത പദ്ധതിയാണിത്. അന്തരിച്ച ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ സ്മരണാര്‍ത്ഥമാണ് പദ്ധതി.
മുന്നാം കേരള എന്‍.സി.സി കേഡറ്റുകള്‍ക്കൊപ്പം ബറ്റാലിയന്‍ ജീവനക്കാരും ഓഫീസര്‍മാരും പങ്കാളികളായി. അവബോധ റാലിയും നൃത്തപരിപാടിയും സംഘഗാനവും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ മൈമും അവതരിപ്പിച്ചു.

Author