മാലിന്യ സംസ്‌ക്കരണം നവകേരള ലക്ഷ്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി : മന്ത്രി എം ബി രാജേഷ്

Spread the love

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ ജില്ലാതല പ്രവർത്തനോദ്ഘാടനം നടത്തി
നവകേരളം എന്ന ലക്ഷ്യത്തിലെത്തുന്നതിലുള്ള ഏറ്റവും വലിയ വെല്ലുവിളി മാലിന്യ സംസ്‌ക്കരണമാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഖരമാലിന്യ സംസ്‌ക്കരണം ഡിജിറ്റലൈസേഷന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെ ജില്ലാതല പ്രവർത്തന ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ വ്യക്തിശുചിത്വത്തിൽ കാണിക്കുന്ന ശ്രദ്ധ പരിസരത്തിൽ ശുചിത്വത്തിൽ കാണിക്കാറില്ല.
ഒട്ടും ദുർഗന്ധമില്ലാതെ മാലിന്യ സംസ്‌ക്കരണം നടത്താനുള്ള സാങ്കേതിക വിദ്യ വളർന്നു കഴിഞ്ഞു. പക്ഷേ ജനങ്ങളിൽ ഇത്തരം കാരങ്ങളിൽ അവബോധമില്ല. ഉറവിട മാലിന്യ സംസ്‌കരണ സംസ്‌ക്കാരം പൊതുജനം ഏറ്റെടുക്കണം. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ഹാക്കത്തോൺ നടത്തും. ജനങ്ങൾക്ക് മുമ്പ് ജനപ്രതിനിധികളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവർ അതി വിദൂരമല്ലാത്ത ദുരന്തങ്ങളെ വിളിച്ചു വരുത്തുകയാന്നെന്നും അദ്ദേഹം പറഞ്ഞു.
തെരുവ് നായ്ക്കൾ പെരുകുന്നതിന് പ്രധാന കാരണം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണെന്ന് ചടങ്ങിൽ അധ്യക്ഷ വഹിച്ച നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇറച്ചി മാലിന്യങ്ങൾ ഭക്ഷിച്ചു ശീലിച്ച തെരുവുനായ്ക്കൾ അവ ലഭിക്കാതെയാകുമ്പോൾ സ്വാഭാവികമായും മനുഷ്യനെ ആക്രമിക്കും. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഒഴിവാക്കണം. ഉദ്ഭവിക്കുന്ന സ്ഥലത്ത് തന്നെ അവ സംസ്‌ക്കരിക്കണം. മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചെറിയാം എന്ന ചിന്താഗതി മാറണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇത്തരം പ്രവണതകൾക്ക് പരിഹാരമാകൂവെന്നും സ്പീക്കർ പറഞ്ഞു.