ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണം – കമല ഹാരിസ്

Spread the love

മില്‍വാക്കി : സുപ്രീം കോടതി വിധിയുടെ നഷ്ടപ്പെട്ട ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച മില്‍വാക്കിയില്‍ ഡമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കമലാ ഹാരിസ്.

ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് യു.എസ്. കോണ്‍ഗ്രസിലും, സെനറ്റിലും നടക്കുന്ന വോട്ടെടുപ്പിനെ തുരങ്കം വയ്ക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശരീരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്കു തന്നെയാണെന്നും, അതു നിയമം മൂലം നിരോധിക്കാനാവില്ലെന്നും, അവര്‍ പറഞ്ഞു.

ലാറ്റിനോ വോട്ടര്‍മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുന്നുവെന്ന പ്രചരണം ശക്തമാക്കുന്നതിനിടെയാണ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കമല ഹാരിസ് പ്രചരണത്തിനെത്തിയിരിക്കുന്നത്. നവംബര്‍ പൊതു തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ടോണി എവേഴ്സിന്റെ വിജയം ഉറപ്പാക്കുക എന്നതാണ് കമലയുടെ പ്രധാന ലക്ഷ്യം.

നമ്മുടെ രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിനു നേരേയും, അവകാശങ്ങള്‍ക്കു നേരേയും ശക്തമായ ഭീഷിണി നേരിടുകയാണ്. ഇതിനെ ഫലപ്രദമായി നേരിടുന്നതിന് ബൈഡന്‍ ഭരണകൂടത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍്തഥികളുടെ വിജയം ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

 

Author