ന്യൂ യോര്‍ക്ക് സ്റ്റേറ്റിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സ്വരവും പ്രതിനിധി സംഘടനയുമായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്കിനു (ഐനാനി) ഏഷ്യന്‍ അമേരിക്കക്കാരോടുള്ള വിവേചനത്തിനും വെറുപ്പിനും എതിരെയുള്ള പ്രവര്‍ത്തനത്തിന് ന്യൂ യോര്‍ക്ക് സംസ്ഥാനത്തെ ഗ്രാന്റ് ലഭിച്ചു. പതിനായിരം ഡോളര്‍ ആണ് ഗ്രാന്റ് സംഖ്യ. നഴ്‌സുമാരുടെ ഈ പ്രൊഫഷണല്‍ സംഘടന ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സമൂഹത്തിനു നടത്തിയ സേവനങ്ങള്‍ക്കും സമൂഹത്തില്‍ ഫലപ്രദമായി സ്വാധീനിക്കുവാനുള്ള കഴിവിനുള്ള അംഗീകാരവുംഅംഗീകാരം കൂടിയാണ് ഈ ഗ്രാന്റിനുപിന്നിലെന്നു ഐനാനി നേതൃത്വം അഭിമാനത്തോടെ ഈതിനെ വിലയിരുത്തുന്നു.
കോവിഡ് പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ അമേരിക്കയിലെ ഏഷ്യാക്കാര്‍ വളരെയധികം വിവേചനത്തിനും വെറുപ്പു കൊണ്ടുള്ള അക്രമത്തിനും വിധേയര്‍ ആയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു സാമൂഹിക വിഭാഗങ്ങളെക്കാള്‍ ഏഷ്യാക്കാര്‍ ഉയര്‍ന്ന തലത്തില്‍ മാനസികരോഗം കോവിഡ് കാലത്തു അനുഭവിക്കുന്നതായും യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്ണിയയുടെ സെന്റര് ഫോര്‍ എക്കൊണോമിക്ള്‍ ആന്‍ഡ് സോഷ്യല്‍ റിസേര്‍ച് അണ്ടര്‍സ്റ്റാന്റിംഗ് കോറോണവൈറസ് ഇന്‍ അമേരിക്ക സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യന്‍ അമേരിക്കക്കാരും ഏഷ്യന്‍ കുടിയേറ്റക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വെറുപ്പ്, അക്രമം, വിവേചനം എന്നിവയെ നേരിട്ട് ലഘൂകരിക്കുകയോ പരിഹരിക്കുകയോ ചെയ്യേണ്ടത് ഇപ്പോളത്തെ ആവശ്യം ആയി മാറിയ സമയത്തു ഐനാനി തല്‍സ്വഭാവമുള്ള മറ്റു കമ്മ്യുണിറ്റി സേവന സംഘടനകളുമായി സഹകരിച്ചു മുന്നേറുവാന്‍ തയ്യാറാകുകയാണ്.
ഇന്ത്യക്കാര്‍ അടക്കം 2.1 ദശലക്ഷം വരുന്ന ഏഷ്യന്‍ അമേരിക്കന്‍ പസിഫിക് ഐലാന്റെര്‍ വംശക്കാര്‍ ന്യൂ യോര്‍ക്ക് സംസ്ഥാനത്തു താമസിക്കുന്നുണ്ട്. പൊതുവെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മറ്റെല്ലാ സമൂഹ വിഭാഗങ്ങളുടെയും മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് അതിനെ ‘മാതൃകാ ന്യൂനപക്ഷ’മെന്ന അപരനാമത്തില്‍ അറിയപ്പെടുന്നുണ്ടെങ്കിലും അതില്‍ നിര്‍ധനരും നിസ്സഹായരും ആയവര്‍ അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ കണക്കില്‍ പെടാതെ പോകുകയോ ആണ്. ദാരിദ്ര്യം, ഭാഷാപരമായ ഒറ്റപ്പെടല്‍, തിങ്ങിനിറഞ്ഞ താമസസ്ഥലം എന്നിങ്ങനെയുള്ള ദയനീയാവസ്ഥ അനുഭവിക്കുന്നവര്‍ ‘മാതൃകാ ന്യൂനപക്ഷ’ത്തിന്റെ വലിയ തലക്കെട്ടിനുപിന്നില്‍ അദൃശ്യര്‍ ആണെന്നതാണ് വസ്തുത. ഈ ദുരവസ്ഥകലെ നേരിടുന്നതിനായി ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഏഷ്യന്‍ അമേരിക്കന്‍ പസിഫിക് ഐലാന്റെര്‍ കമ്മ്യൂണിറ്റി ഫണ്ട്. കൊയാലിഷന്‍ ഫോര്‍ ഏഷ്യന്‍ അമേരിക്കന്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസിനോടൊപ്പം സഹകരിച്ചായിരിക്കും ഐനാനി ഗ്രാന്റിന്റെ പദ്ധതി നടപ്പില്‍ വരുത്തുക എന്ന് ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോര്‍ജ് അറിയിച്ചു. സമൂഹത്തില്‍ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്തു പരിചയസമ്പന്നരായ നഴ്‌സുമാരുടെ ഒരു സമിതി പദ്ധതിക്കുവേണ്ടി രൂപീകരിച്ചിട്ടുണ്ടെന്നു ഡോ. ജോര്‍ജ് പറഞ്ഞു.