അഞ്ച് വാഹനങ്ങള്‍, അന്‍പതംഗ സംഘം; ജില്ലയില്‍ തെരുവുനായ തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം

Spread the love

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപിടിയായി തീവ്ര വാക്സിനേഷന്‍ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെ തെരുവില്‍ ഉപദ്രവിക്കുന്നതും കൊല്ലുന്നതുമെല്ലാം പ്രാകൃതരീതിയാണ്. അടിയന്തര നടപടി എന്ന നിലയിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വന്ധ്യംകരണമാണ് ശാശ്വത പരിഹാരം-മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഇം.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. വലിയ കരുതലോടെയാണ് തെരുവുനായ വിഷയത്തെ സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. വാക്‌സിനേഷന്‍ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മന്ത്രിമാര്‍ സംയുക്‌തമായി നിര്‍വഹിച്ചു. യജ്ഞത്തില്‍ പങ്കാളികളാവുന്ന പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോമും ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ച് വാഹനങ്ങളിലായി, ഡോക്ടര്‍മാരും പരിശീലനം ലഭിച്ച 50 നായപിടിത്തക്കാരും അടങ്ങുന്ന സംഘം ഇന്ന് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങും.
ചടങ്ങില്‍ വി. ജോയി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എസ്. സുനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

Author