രമേശ് ചെന്നിത്തല ഇന്നു മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.
തിരു: മല്ലികാർജുന ഖാർഗെയ്ക്ക് പൂർണ്ണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സീനിയർമാരായിട്ടുള്ള നേതാക്കളിൽ ഒരാളാണ് മല്ലികാർജുന ഖാർഗെ. അനുഭവസമ്പത്തുകൊണ്ടും നേതൃപാടവംകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകുന്ന സംഭാവനകൾ ചെയ്യുവാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നോമിനേഷൻ സീനിയർ നേതാക്കന്മാരായിട്ടുള്ള എല്ലാവരും കൂടിച്ചേർന്ന് ആലോചിച്ച് എടുത്ത തീരുമാനമാണെന്നാണു മനസ്സിലാക്കുന്നത്. എ. കെ. ആന്റണിയെപ്പോലെയുള്ള സീനിയർ നേതാക്കന്മാർ അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിൽ ഒപ്പിടുകയുണ്ടായി.
ഇന്ന് രാജ്യത്തിന് ആവശ്യം പരിണതപ്രജ്ഞനായ ഒരു കോൺഗ്രസ് നേതാവിനെയാണ്. കോൺഗ്രസ് സഹപ്രവർത്തകരോട് പറയാനുള്ളത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ മല്ലികാർജുന ഖാർഗെയെ പിന്തുണയ്ക്കണം. ഇത്രയും കാലം ആക്ഷേപം പറഞ്ഞിരുന്നത് ഗാന്ധികുടുംബമാണ് എല്ലാം നയിക്കുന്നത് എന്നാണ്. അതിൽനിന്ന് വ്യത്യസ്തമായി ഗാന്ധികുടുംബം ഇതിൽനിന്നും മാറി നിന്നുകൊണ്ട് കോൺഗ്രസിന് പുതിയ ഒരു പ്രസിഡന്റ് ഉണ്ടാകുന്നു എന്നത് ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് കോൺഗ്രസിന് കൂടുതൽ കരുത്തും ശക്തിയും പകരും. .
ഇത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് ആർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാം. കെപിസിസി എന്ത് നിലപാട് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് ആണ് പറയേണ്ടത്. ഞാനെന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമാണ്.
രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഒരു ഘട്ടത്തിലും ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇലക് ഷനുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയെയോ സോണിയ ഗാന്ധിയെയോ അനാവശ്യമായി വലിച്ചിഴക്കേണ്ട ആവശ്യമില്ല.
*ശശി തരൂർ എന്റെ നല്ല സുഹൃത്ത്*
ശശി തരൂർ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് മത്സരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. കോൺഗ്രസ് ഒരു ജനാധിപത്യപ്പാർട്ടിയാണ്. ഇന്നത്തെ
സാഹചര്യത്തിൽ മുതിർന്ന നേതാവായ മല്ലികാർജുന ഖാർഗെ കോൺഗ്രസ് പ്രസിഡന്റ് ആകുന്നതാണ് അഭികാമ്യം.ശശി തരൂരിന്റെ കഴിവുകൾ എല്ലാതരത്തിലും പാർട്ടി ഉപയോഗിക്കുന്നുണ്ട്. ഞാൻ കെപിസിസി പ്രസിഡണ്ട് ആയിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ആദ്യമായി മത്സരിക്കുവാൻ പാർട്ടി സീറ്റ് കൊടുക്കുന്നത്. ഞങ്ങൾ അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിച്ചിട്ടുള്ളതാണ്. നാളെയും അത് അങ്ങനെയായിരിക്കും. വോട്ടർമാർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്.
സോണിയ ഗാന്ധി തെരഞ്ഞെടുപ്പിൽ ഇന്നയാൾ മത്സരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ അവർ ഒരു സ്ഥാനാർത്ഥിയെയും പിന്തുണച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ ശരിയല്ല.
*ശിവശങ്കരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം*
മുഖ്യമന്ത്രി ഒരിക്കലും ശിവശങ്കരന്റെ പേരിൽ നടപടി എടുക്കില്ല. സ്വർണ്ണ ക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി കൂട്ട് പ്രതിയാണ്. കുറ്റപത്രം കൊടുത്തിട്ടും ശിവശങ്കരനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് വലിയ തെറ്റാണ്. അദ്ദേഹത്തെ ഉടനടി സസ്പെൻഡ് ചെയ്യേണ്ടതാണ്. അത് ചെയ്യാതിരിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനും ഒളിക്കാനും ഉണ്ട് . ഞങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങൾ സത്യമാണ് എന്നത് പുറത്തുവരുന്നു. ശിവശങ്കരന് എതിരെ കുറ്റപത്രം സംശയാതീതമായി സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യേണ്ടതാണ്.