സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത്

Spread the love

സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 1500 ഭിന്നശേഷി വിദ്യാർഥികൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും. കേഴ്‌വി, കാഴ്ച, പരിമിതിയുള്ളവരും ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളാണ് പങ്കെടുക്കുക.
കേഴ്‌വി പരിമിതിയുള്ളവർക്ക് എട്ടു വ്യക്തിഗത ഇനങ്ങളിലും ഏഴു ഗ്രൂപ്പ് ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് അഞ്ചു വിഭാഗങ്ങളിലായി 16 വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ആറു വ്യക്തിഗത ഇനങ്ങളും മൂന്നു ഗ്രൂപ്പിനം മത്സരങ്ങളുമാണുള്ളത്. വിദ്യാർഥികൾക്ക് താമസസൗകര്യമടക്കം ഏർപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
കലോത്സവ നടത്തിപ്പിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം ബേക്കർ മെമ്മോറിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ വകുപ്പു മന്ത്രി, സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യരക്ഷാധികാരികളായും ജില്ലയിലെ എം.പിമാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ രക്ഷാധികാരികളായും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചെയർമാനുമായി സ്വാഗതസംഘം രൂപീകരിച്ചു. 14 സബ്കമ്മിറ്റികളും തെരഞ്ഞെടുത്തു.

Author