സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയില്‍ അമ്പത് ശതമാനം നേട്ടം കൈവരിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ആലപ്പുഴ ജില്ല. പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 9,666 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 4,874 (50%) സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചു.ഇതില്‍ നിന്നും 267.07 കോടി രൂപയുടെ നിക്ഷേപവും 10,252 പേര്‍ക്ക് തൊഴിലും കണ്ടെത്താന്‍ സാധിച്ചു. ഉത്പാദന മേഖലയില്‍ 939, സേവന മേഖലയില്‍ 1,712, തൊഴില്‍ മേഖലയില്‍ 2,223 ഉള്‍പ്പെടെ ആകെ 4,874 സംരംഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതി പുരോഗതി ഏറ്റവും കൂടുതല്‍ മാവേലിക്കര താലൂക്കിലും (56.28 %) ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത് (1,170 സംരഭങ്ങള്‍) കാര്‍ത്തികപ്പള്ളി താലൂക്കിലുമാണ്. ബ്ലോക്ക് തലത്തില്‍ മുതുകുളത്തും (497) പഞ്ചായത്ത് തലത്തില്‍ തഴക്കരയിലും(103) നഗരസഭാ തലത്തില്‍ കായംകുളത്തും(226) മാണ് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം വിവിധ നിയോജക മണ്ഡലങ്ങളില്‍ അതത് എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങളും നടത്തി. 2022-23 സാമ്പത്തിക വര്‍ഷത്തെ സംരംഭക സഹായ പദ്ധതിയുടെ ഭാഗമായി 120 സംരംഭങ്ങള്‍ക്കുള്ള സബ്സിഡി ആനുകൂല്യമായി 3.48 കോടി രൂപയുടെ സഹായധനത്തിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.