കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ ചെറായി സ്മാർട്ട് അങ്കണവാടിയും

Spread the love

കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമായി ആധുനിക സൗകര്യങ്ങളോടെ പുന്നയൂർക്കുളം, ചെറായി സ്മാർട്ട് അങ്കണവാടിയും. പുതുക്കി പണിത അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ കുരുന്നുകൾക്ക് തുറന്ന് നൽകി. റർബ്ബൺ മിഷൻ ഫണ്ടിൽ നിന്ന് 18.20 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നാം വാർഡിലെ പതിനേഴാം നമ്പർ സ്മാർട്ട് അങ്കണവാടി ഒരുക്കിയിട്ടുള്ളത്.
2.5 സെന്റ് സ്ഥലത്ത് ഇരുനിലകളിലായാണ് കെട്ടിടം. ശിശുസൗഹൃദവും വിശാലവുമായ ക്ലാസ് റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, പ്രത്യേക മാറ്റ്, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, ശിശുസൗഹൃദ ടോയ്‌ലറ്റ്, ചുറ്റുമതിൽ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ അങ്കണവാടിയിൽ ഒരുക്കിയിട്ടുണ്ട്. ചുവരുകളിൽ കുട്ടികളുടെ പ്രിയപ്പെട്ട കാട്ടിലെ കണ്ണനും ഡോറാബുജിയുമടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ പുതിയ അനുഭവം സമ്മാനിക്കും. കളിക്കാൻ പുത്തൻ കളിപ്പാട്ടങ്ങളും സ്മാർട്ട് ടിവിയും ഉണ്ട്. ചടങ്ങിൽ സിനിമാതാരം അജയ് കുമാർ (ഗിന്നസ് പക്രു) മുഖ്യാതിഥിയായി.

Author