മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ഹരിതമിത്രം

Spread the love

പ്ലാസ്റ്റിക്, അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണവും, വാതില്‍പ്പടി ശേഖരണവും ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം’ പദ്ധതിയുടെ കോര്‍പ്പറേഷന്‍ ഡിവിഷന്‍തല ഉദ്ഘാടനവും ക്യു. ആര്‍. കോഡ് പതിക്കലും മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഹരിതകേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചതാണ് ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്’ മൊബൈല്‍ ആപ്പ്. ഒക്ടോബര്‍ 31ന് മുമ്പ് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണം പൂര്‍ത്തിയാക്കുമെന്ന് മേയര്‍ പറഞ്ഞു.
പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ള ഓക്‌സിലറി ഗ്രൂപ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഓരോ ഡിവിഷനിലും വിവരശേഖരണം നടത്തുക. മാലിന്യ ശേഖരണം, യൂസര്‍ ഫീ ലഭ്യത, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവ കൃത്യമായി വിലയിരുത്തും. ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനും സംവിധാനം ഉപയോഗിക്കാം.

Author