ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കി. ഒക്‌ടോബര്‍ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്.
ഹൂസ്റ്റണ്‍ ഷെപ്പേര്‍ഡ് ഡ്രൈവിലുള്ള ഷെപ്പേര്‍ഡ് ആന്‍ഡ് ഹാരോള്‍ഡ് സ്റ്റോറിലെ ജീവനക്കാര്‍ ആദ്യമായാണ് സ്റ്റാര്‍ബക്‌സില്‍ യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതിനു പ്രതികാരമായി മാനേജ്‌മെന്റ് ഇയാളെ പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
സെപ്റ്റംബര്‍ 21-നാണ് യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. ഒമ്പത് വര്‍ഷമായി സ്റ്റാര്‍ബക്‌സിലെ ജീവനക്കാരനായ ജോഷ് ഡിലോണ്‍ സമയത്തില്‍ കൃത്രിമം കാണിച്ചുവെന്നതാണ് പിരിച്ചുവിടാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതിനാണ് തന്റെ പേരില്‍ നടപടിയെടുത്തതെന്നും, യൂണിയന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി സംസാരിച്ചത് ഡ്യൂട്ടി സമയത്തായിരുന്നുവെന്നത് ശരിയാണെന്നും, എന്നാല്‍ ചില മിനിറ്റുകള്‍ മാത്രമേ അതിനെടുത്തിട്ടുള്ളുവെന്നും ജോഷ് പറഞ്ഞു. ഇയാളെ കൂടാതെ മറ്റു രണ്ടുപേരെകൂടി പുറത്താക്കിയിട്ടുണ്ട്.