ന്യുയോര്‍ക്ക് : ബ്രോണ്‍സില്‍ ഉണ്ടായ കാറപകടത്തിനുശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ ജനക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. ഗുരുതരമായി പരുക്കേറ്റ 26 ക്കാരന് ശുശ്രൂഷ നല്‍കാതെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെയാണ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് ക്രിസ്റ്റന്‍ അവന്യു ക്രോസ് ചെയ്യുന്നതിനിടെയാണ് അതുവഴി വന്ന ബെന്‍സ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടത്. അപകട സ്ഥലത്ത് അല്പനേരം നിന്ന ഡ്രൈവര്‍ ജനകൂട്ടത്തെ ഭയന്നാണ് അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ ഹാജരാക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ അവിടെ നിന്നും പുറപ്പെട്ടതെന്നും പൊലീസ് പറയുന്നു.
അപകടത്തില്‍പ്പെട്ട യുവാവിനെ ഗുരുതര പരുക്കുകളോടെ സെന്റ് ബര്‍ണബാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ന്യുയോര്‍ക്ക് പൊലീസ് അറിയിച്ചു. വാഹനാപകടം സംഭവിച്ചാല്‍, സംഭവ സ്ഥലത്തു തന്നെ നില്‍ക്കണമെന്നും ഉടന്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പരുക്കേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കണമെന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാണ്.