സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിലും യൂണിവേഴ്‌സിറ്റി കോളേജിലുമായി അരങ്ങേറിയ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ തിരുവനന്തപുരം ജില്ല കിരീടം നേടി.കലോത്സവത്തിൽ ഓവർ ഓൾ കിരീടം ചൂടിയ തിരുവനന്തപുരം ജില്ലയ്ക്കും ട്രാൻസ് മാൻ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയ ദ്രുവ് ലിയാം ട്രാൻസ് വുമൺ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയ തൻവി രാകേഷിനും, മത്സരയിനങ്ങളിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടിയ വിജയിക്കൾക്കും സർട്ടിഫിക്കറ്റുകളും, ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ട്രാൻസ്ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട് 2022 ന്റെ സമാപന സമ്മേളനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ സർഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ് വിവിധ കലാമത്സരയിനങ്ങളിൽ നിന്നും കാണാൻ കഴിഞ്ഞതെന്നും വരും വർഷങ്ങളിൽ കലോത്സവം കൂടുതൽ വിപുലമായി നടത്താൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.മികച്ച രീതിയിൽ വർണ്ണപ്പകിട്ട് സംഘടിപ്പിക്കാൻ സഹകരിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ക്ഷേമത്തിനായി സംസ്ഥാനത്താകെ കമ്മ്യൂണിറ്റി ലിവിംഗ് സങ്കേതങ്ങൾ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യതകൾ സർക്കാർ തലത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.